തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം ജന്മദിനം. വേലിക്കകത്ത് വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പമായിരിക്കും ജന്മദിനാഘോഷം.
പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പതിന്മടങ്ങ് ഊർജം കൈവരിക്കാറുന്ന വി എസ് കഴിഞ്ഞ രണ്ടു വർഷമായി വീട്ടിൽ തന്നെയാണ് കഴിയുന്നത്. 2019 ഒക്ടോബറിൽ പുന്നപ്ര- വയലാർ വാർഷിക ചടങ്ങുകളിൽ പങ്കെടുത്ത് തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ വി എസിനെ പിറ്റേന്ന് തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ അദ്ദേഹത്തിന് വിശ്രമം നിർദേശിച്ചു. കോവിഡ് വ്യാപനം കൂടിയായതോടെ സന്ദർശകർക്ക് കടുത്ത നിയന്ത്രണമുണ്ടായി. ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിൽ ആ പദവി രാജിവെച്ചിരുന്നു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിക്കുമ്പോള്‍ വി.എസ്. നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 1980 മുതല്‍ 1992 വരെ പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മൂന്ന് തവണ പ്രതിപക്ഷത്തെ നിയമസഭയില്‍ നയിക്കാനും വി.എസിന് കഴിഞ്ഞു. 2006 ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. വി.എസ് ഇടതുപക്ഷത്തിന്റെ മുഖ്യ പ്രചാരകനായിരുന്ന 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്വല ജയം നേടിയാണ് അധികാരത്തില്‍ തിരിച്ചെത്തിയത്.
1964ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇറങ്ങി വന്ന് മാർക്സിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് നേതൃത്വം വഹിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് വി എസ്. രാഷ്ട്രീയ രംഗത്തും പാർലമെന്‍ററി രംഗത്തും ഇത്രയേറെ സ്വീകാര്യനായ കമ്മ്യൂണിസ്റ്റ് നേതാവ് രാജ്യത്ത് തന്നെ വേറെയില്ല.