Spread the love
12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: രാജ്യത്ത് 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ന് മുതൽ. ബയോളജിക്കൽ ഇയുടെ കോവിഡ് വാക്സിനായ കോർബെവാക്സ് ആണ് വിതരണം ചെയ്യുക. 60 വയസ് പിന്നിട്ടവർക്കുള്ള കരുതൽ ഡോസും ഇന്ന് മുതൽ നൽകി തുടങ്ങും. 15 വയസിന് മുകളിലുള്ള അർഹരായ മുഴുവൻ ആളുകളും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് വാക്സിനേഷന്റെ പുതിയ ഘട്ടത്തിലേക്ക് കേന്ദ്രം കടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലായിരിക്കും വാക്സിനേഷൻ നടക്കുക. കോർബെവാക്സ് വാക്സിനാണ് വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. 2010 മാർച്ച് പതിനഞ്ചിനോ അതിന് മുൻപോ ജനിച്ച കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാം. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് വാക്സിനേഷന് അനുമതി. ഇന്നലെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനങ്ങളുടെ യോഗത്തിൽ വാക്സിനേഷൻ പുരോഗതി വിലയിരുത്തിയിരുന്നു.

60 വയസിന് മുകളിലുള്ളവർക്കുള്ള കരുതൽ ഡോസ് വാക്സിനേഷനും ഇന്ന് മുതൽ ആരംഭിക്കും. നേരത്തെ 60 വയസിന് മുകളിൽ പ്രായമുള്ള അസുഖ ബാധിതർക്കാണ് കരുതൽ വാക്സിൻ നൽകിയിരുന്നത്. കേരളത്തിലും കുട്ടികളുടെ വാക്സിനേഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍.
വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിന്‍ എല്ലാവർക്കും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

Leave a Reply