Spread the love

റിയാദ്: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ബൂസ്റ്റർ ഡോസ് സ്വീകരിച്ച് സൗദി പൗരന്മാരും വിദേശികളും വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മുൻ ഡോസ് സ്വീകരിച്ച് രണ്ടു മാസവും അതിലധികവും പിന്നിട്ട, 12 ഉം അതിൽ കൂടുതലും പ്രായമുള്ള, ആഗ്രഹിക്കുന്നവർക്കെല്ലാം പരിഷ്‌കരിച്ച ഡോസ് വാക്‌സിൻ ലഭ്യമാണ്.

സിഹതീ ആപ്പ് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് എല്ലാവർക്കും എളുപ്പത്തിൽ വാക്‌സിൻ നേടാവുന്നതാണ്. പ്രായംചെന്നവർ, മാറാരോഗങ്ങൾ ബാധിച്ചവർ, പ്രതിരോധ ശേഷി കുറക്കുന്ന രോഗങ്ങൾ ബാധിച്ചവർ, ഉയർന്ന അപകട സാധ്യതയുള്ളവർ, കൊറോണ വ്യാപന സാധ്യത കൂടിയ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ എന്നീ വിഭാഗങ്ങളിൽ പെട്ടവരെയാണ് പരിഷ്‌കരിച്ച വാക്‌സിൻ ഡോസിലൂടെ ലക്ഷ്യമിടുന്നത്.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരായ അപ്‌ഡേറ്റുകൾ പുതിയ വക്‌സിൻ ഡോസിൽ അടങ്ങിയിരിക്കുന്നു. ഈ ഡോസ് സ്വീകരിക്കുന്നത് കൊറോണക്കെതിരായ ആളുകളുടെ പ്രതിരോധ ശേഷി ഉയർത്താൻ സഹായിക്കുമെന്നും വൈറസ് ബാധയിൽ നിന്നും വൈറസ്ബാധ കാരണമുള്ള സങ്കീർണതകളിൽ നിന്നും കൂടുതൽ മികച്ച സംരക്ഷണം നൽകുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Leave a Reply