Spread the love
വാക്സിനെടുത്തവരിലും പകരാൻ ശേഷിയുള്ള കൊവിഡ് വകഭേദങ്ങൾ ചൈനയിൽ വ്യാപിക്കുന്നു; യൂറോപ്പിലും സ്ഥിതി ആശങ്കാജനകം

ലണ്ടൻ: കൊവിഡ് ഭീതിയിൽ നിന്നും മുക്തമായി ലോകരാജ്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങവേ, കൊവിഡിന്റെ ഈറ്റില്ലമായ ചൈനയിൽ സ്ഥിതി ഒട്ടും ആശ്വാസകരമല്ല. ചൈനയിലെ പല പ്രവിശ്യകളിലും ഒമിക്രോണിന്റെ ഉപഭേദങ്ങളായ ബി എഫ് 7 ഉം ബി എ 5.1.7ഉം അതിവേഗത്തിൽ പടരുകയാണ്. ഈ രണ്ട് സബ് വേരിയന്റുകളും ബാധിക്കപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ബി എ 5.1.7 വൈറസ് ബാധിച്ച കേസുകളാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിലെ ഷാവോഗാൻ, യാന്റായ് നഗരങ്ങളിലാണ് ബി എഫ് 7 കേസുകൾ കണ്ടെത്തിയത്. ഇത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്.

വാക്സിനെടുത്തവരിലും, മുൻപ് കൊവിഡ് ബാധിച്ചവരിലും വീണ്ടും അസുഖത്തിന് കാരണമാകാൻ ശേഷിയുള്ളതാണ് ബി എഫ് 7, ബി എ 5.1.7 വേരിയന്റുകളെന്ന് കരുതുന്നു. അതേസമയം വാക്സിനുകളുടെ ഫലപ്രാപ്തിയെ നിഷേധിക്കാൻ വിദഗ്ദ്ധർ തയ്യാറല്ല. ഇപ്പോഴും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ സിറോ ടോളറൻസ് നയം പിന്തുടരുന്ന ചൈന ഷാങ്ഹായും ഷെൻഷെൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ സ്‌കൂളുകളും വിനോദ കേന്ദ്രങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. കൊവിഡ് പരിശോധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പിലും ഭീഷണി

ശൈത്യകാലം ആരംഭിക്കാനിരിക്കേ യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഉയരുന്നത് വെല്ലുവിളിയായി. കഴിഞ്ഞയാഴ്ച യൂറോപ്യൻ യൂണിയനിലെ കൊവിഡ് കേസുകൾ പരിശോധിച്ചാൽ മൊത്തം കേസുകൾ 1.5 ദശലക്ഷത്തിലെത്തി. ഇത് മുൻ ആഴ്ചയേക്കാൾ എട്ട് ശതമാനം വർദ്ധിച്ചതായി കാണാം. ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വൻ വർദ്ധനയുണ്ട്.

Leave a Reply