ന്യൂഡൽഹി: കുട്ടികൾക്ക് വാക്‌സിൻ നൽകുമ്പോൾ ആദ്യ പരിഗണന ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് നൽകുമെന്ന് നാഷണൽ ഇമ്മ്യൂണൈസേഷൻ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് (എൻടിജിഐ) ചെയർപേഴ്‌സൺ ഡോ. എൻ.കെ. അറോറ വ്യക്തമാക്കി. ഹൃദ്രോഗം, അമിത വണ്ണം, പ്രതിരോധ ശേഷിക്കുറവ് എന്നീ അസുഖങ്ങൾ ഉള്ളവർക്കാണ് മുൻഗണന.
12 വയസ്സിനു മുകളിലുള്ള കുട്ടികളിലെ അടിയന്തിര ഉപയോഗത്തിനായുള്ള വാക്‌സിൻ ഡിസിജിഐ അടുത്തിടെ അംഗീകരിച്ചിരുന്നു. സൈഡസ് കാഡിലയുടെ ഡിഎൻഎ വാക്‌സിനാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചത്. ദേശീയ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി വാക്‌സിനുകൾ അവതരിപ്പിക്കാൻ കാത്തിരിക്കുകയാണ് രാജ്യമിപ്പോൾ.
ആദ്യഘട്ടത്തിൽ 20-30 ലക്ഷത്തോളം വരുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാക്കും. ആദ്യ ഘട്ടത്തിൽ തന്നെ ഇതിനായി 40 ലക്ഷം ഡോസ് വാക്‌സിൻ സൈകോവ് ഡി എത്തിക്കും. ഡിസംബറോടെ 4-5 കോടി ഡോസ് വാക്‌സിൻ ലഭ്യമാക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ കണക്കു കൂട്ടുന്നുന്നത്.
ഡിഎൻഎ പ്ലാസ്മിഡ് സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യ വാക്‌സിനാണ് സെഡസ് കാഡിലയുടേത്. വൈറസിന്റെ ഡിഎൻഎ കണ്ടെത്തി ആന്റിബോഡി ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുന്നതാണ് ഈ വാകിസിന്റെ പ്രവർത്തന രീതി