Spread the love
വടക്കഞ്ചേരി ബസ് അപകടം; കെഎസ്ആർടിസി ബസ് വേഗം കുറച്ച് നടുറോഡിൽ നിർത്തി; കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ച പറ്റിയതായി നാറ്റ്പാക് റിപ്പോർട്ട്

പാലക്കാട്: വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ വടക്കഞ്ചേരി വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ച. ദേശീയ ഏജൻസിയായ നാറ്റ്പാക് റിപ്പോർട്ടിലാണ് ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് മാത്രമല്ല കെഎസ്ആർടിസി ഡ്രൈവർക്കും വീഴ്ച പറ്റിയതായി വ്യക്തമാക്കിയിരിക്കുന്നത്. അമിത വേഗതയിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസ് വേഗത കുറച്ച് നടുറോഡിൽ നിർത്തിയതും അപകടത്തിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. എന്നാൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കും വീഴ്ചപറ്റി. ടൂറിസ്റ്റ് ബസിന് മുൻപിലൂടെ വേഗത്തിൽ സഞ്ചരിച്ച കെഎസ്ആർടിസി ലൈൻ ട്രാഫിക് പാലിക്കാതെ നടുറോഡിൽ നിർത്തി. ഇതും അപകടത്തിന് പ്രധാന കാരണമായെന്നും നാറ്റ്പാകിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് പുറമേ സംഭവ സമയത്ത് കെഎസ്ആർടിസി ബസിന്റെ പുറകിൽ സഞ്ചരിക്കുകയായിരുന്ന കാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.

50 കിലോ മീറ്റർ വേഗതയിൽ ആയിരുന്നു കാർ സഞ്ചരിച്ചത്. നാല് വരി പാതയിൽ ഇടതുവശത്തു കൂടി പോകാതിരുന്ന കാർ വലതു വശത്ത് കൂടിയാണ് പോയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംഭവത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് വേഗം കുറച്ചതാണ് അപകടത്തിന് കാരണമെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ ആരോപിച്ചിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് നാറ്റ്പാക് റിപ്പോർട്ട്. ഈ മാസം അഞ്ചിനായിരുന്നു കേരളത്തെ കണ്ണീരിലാഴ്‌ത്തിയ അപകടം ഉണ്ടായത്. വിനോദയാത്ര പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.

Leave a Reply