Spread the love

വടകര സാന്‍റ് ബാങ്ക്സ് വിപുലീകരണ പ്രവൃത്തി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.. 2.27 കോടി രൂപ ഉപയോഗിച്ചാണ് വിപുലീകരണ പ്രവൃത്തി നടത്തുന്നത്. നിലവിലുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തി ലാന്‍ഡ്സ്കേപ്പിങ്, ബോട്ട് ജെട്ടി നിര്‍മാണം, ശുചിമുറി, ജലവിതരണം, ഓപ്പണ്‍ ജിം, നടപ്പാതകള്‍, വെളിച്ച സംവിധാനം തുടങ്ങിയവ ആരംഭിക്കും. പ്രദേശത്തെ മറ്റ് വിനോദകേന്ദ്രങ്ങളുമായി സാന്‍റ് ബാങ്ക്സിനെ ബന്ധിപ്പിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്.

കോവിഡാനന്തരം കേരളത്തില്‍ ആഭ്യന്തര ടൂറിസത്തിനാണ് കൂടുതല്‍ സാധ്യതയുള്ളത്. ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രങ്ങളാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. സാംസ്കാരികമായും ചരിത്രപരമായും പ്രാധാന്യമുള്ള, സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് വടകര. ആഭ്യന്തര ടൂറിസം രംഗത്ത് വലിയ സാധ്യതകളുണ്ട്. കളരിയുമായി ബന്ധപ്പെട്ട് വടകരയുടെയും തലശേരിയുടെയും ആയോധനകലാ സാധ്യതകള്‍കൂടി ടൂറിസം രംഗത്ത് ഉപയോഗപ്പെടുത്താനാകും.

ഉദ്ഘാടന ചടങ്ങില്‍ കെ.മുരളീധരന്‍ എം.പി. കെ.കെ.രമ എം.എല്‍.എ, സി.എന്‍.അനിതകുമാരി, എ.ഡി.എം മുഹമ്മദ് റഫീഖ്, വടകര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു, കൗണ്‍സിലര്‍മാരായ പി.വി.ഹാഷിം, പി.വിജയി, ഡി.ടി.പി.സി മെമ്പര്‍ പി.കെ. ദിവാകരന്‍ മാസ്റ്റര്‍, കോസ്റ്റല്‍ പോലീസ് ഇന്‍സ്പക്ടര്‍ എ.ഉമേഷ്, ഡി.ടി.പി.സി സെക്രട്ടറി സി.പി.ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply