കൊച്ചി: ആ പിഞ്ച് കുഞ്ഞിനെ ഇല്ലാതാക്കിയത് സ്വന്തം പിതാവ് തന്നെ. എറണാകുളം മുട്ടാര്‍ പുഴയില്‍ നിന്നും 13കാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുറ്റ സമ്മതം നടത്തി പിതാവ് സനു മോഹന്‍. വൈഗയുടെ മരണത്തിന് പിന്നാല്‍ താന്‍ തന്നെയാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയെന്നാണ് വിവരം. മകളോടൊപ്പം ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ മകളെ പുഴയില്‍ തള്ളിയെങ്കിലും തനിക്കതിന് സാധിച്ചില്ലെന്ന് സനു മോഹന്‍ പറഞ്ഞു. എന്നാല്‍ ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് സനു മോഹനെ ചോദ്യം ചെയ്യുന്നത് തുടര്‍ന്ന് വരികയാണ്. സനു മോഹനെ കേരള പോലീസ് തന്നെയാണ് പിടികൂടിയത്. മൂകാംബികയില്‍ നിന്നും ഗോവ ലക്ഷ്യമാക്കി സഞ്ചരിക്കുകയായിരുന്നു സനു മോഹന്‍. കാര്‍വാറിലെ ബീച്ച് പരിസരത്ത് നിന്നും സനു മോഹനെ മൂന്നംഗ സംഘം പിടികൂടുകയായിരുന്നു.
സനു മോഹന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മകളുടെ മരണത്തിന് പിന്നാലെ സനു മോഹന്‍ ഒളിവില്‍ പോയിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മൂകാംബികയില്‍ നിന്നും കാര്‍വാറിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഈ സമയം കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഇയാളെ കേരള പോലീസ് പിടികൂടുകയായിരുന്നു. കൊച്ചിയില്‍ എത്തിച്ച സനു മോഹനെ പോലീസിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് രാവിലെ 11 മണിയോടെ പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളെ കാണും.
മാര്‍ച്ച് 21ന് വൈകുന്നേരത്തൊടെ എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്നും അച്ഛനെയും മകളെയും കാണാതാവുകയായിരുന്നു. ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുവാണ് പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 13കാരി വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്നും മാര്‍ച്ച് 22ന് ഉച്ചയോടെ കണ്ടെത്തിയത്. എന്നാല്‍ സനു മോഹന്‍ എവിടെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സനു മോഹനനും പിടിയിലായത്.