തൃശൂർ : യാത്രക്കാരെ വലച്ച് ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്. യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി നടത്തിയ സർവീസുകളാണ് അൽപമെങ്കിലും തുണയായത്. തൃശൂരിൽ നിന്നു കൂടുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന കോഴിക്കോട് റൂട്ടിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടു. സ്വകാര്യ ബസുകൾ കൂടുതലുള്ള കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കുന്നംകുളം, വരന്തരപ്പിള്ളി റൂട്ടുകളിൽ ഓഫിസ് സമയത്തു തിരക്ക് അനുഭവപ്പെട്ടു. ദീർഘദൂര റൂട്ടുകളിലെ തിരക്കു മൂലം ഒട്ടേറെ പേർ ട്രെയിനുകളെ ആശ്രയിച്ചു. ജില്ലയിലെ എല്ലാ റൂട്ടുകളിലേക്കും 28 സർവീസുകൾ നടത്തിയതായി തൃശൂർ ഡിപ്പോ അധികൃതർ അറിയിച്ചു. ജില്ലയിലെ 7 ഡിപ്പോകളിൽ നിന്നും സർവീസുകൾ ക്രമീകരിച്ചിരുന്നു.
ചാലക്കുടി ഡിപ്പോയിൽ നിന്ന് ഇരിങ്ങാലക്കുട, കുറ്റിച്ചിറ, മെഡിക്കൽ കോളജ് ഭാഗത്തേക്കും ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്ന് ചാലക്കുടിയിലേക്കു രണ്ടും കൊടുങ്ങല്ലൂരിലേക്കു മൂന്നും സർവീസുകൾ അധികമായി നടത്തി. കൊടുങ്ങല്ലൂർ യൂണിറ്റിൽ നിന്ന് മെഡിക്കൽ കോളജിലേക്കും അധിക സർവീസ് ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട-തൃശൂർ റൂട്ടിൽ മൂന്നെണ്ണം ഉൾപ്പെടെ ചോറ്റാനിക്കര, കാക്കനാട്, എറണാകുളം ജെട്ടി ഭാഗങ്ങളിലേക്കു അധിക സർവീസുകൾ നടത്തി. മാള, പുതുക്കാട്, ഗുരുവായൂർ ഡിപ്പോകളിൽ നിന്നും അധിക സർവീസുകൾ ഉണ്ടായിരുന്നു. ഗുരുവായൂരിൽ നിന്ന് എറണാകുളം ജെട്ടിയിലേക്ക് അധിക സർവീസും നടത്തി.