പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
ഇന്നു വൈകുന്നേരം നാലരയോടെ കുറിച്ചിക്ക് സമീപം മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. മൂന്നു ദിവസമായി പ്രദേശത്ത് കണ്ടുവന്ന മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകള്‍ക്ക് ഇടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിനുള്ളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു.
സുരേഷിന്റെ വലുതുകാലിലാണ് പാമ്പ് കടിച്ചത്. ഉടന്‍ തന്നെ കോട്ടയം ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ സുരേഷ് ബോധരഹിതനായിരുന്നതായി ഭാരത് ആശുപത്രി എം.ഡി വിനോദ് വിശ്വനാഥന്‍ അറിയിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്നാണ് വിവരം.