സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. സുരേഷ് ബോധാവസ്ഥയിൽ തിരിച്ചെത്തി എന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. സുരേഷ് കണ്ണുതുറന്ന് ഡോക്ടർമാരുമായും ആരോഗ്യ പ്രവർത്തകരുമായും സംസാരിച്ചുവെന്നും മെഡിക്കൽ കോളജ് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. ഹൃദയമിടിപ്പും രക്തസമ്മർദവുമടക്കം ശരീരത്തിന്റെ മറ്റ് പ്രവർത്തനങ്ങൾ സ്വാഭാവികമായി മുന്നോട്ടു പോകുന്നുണ്ട് എന്നും ഡോക്ടർമാരുടെ സംഘം വിലയിരുത്തുന്നു. രാത്രി മുതൽ സുരേഷിന്റെ ആരോഗ്യനില വഷളായിരുന്നു എന്ന് ഡോ: ടി.കെ. ജയകുമാർ പറഞ്ഞിരുന്നു. അതിനു മുൻപുള്ള ദിവസങ്ങളെ പോലെ വിളിച്ചാൽ കാര്യമായി പ്രതികരിച്ചിരുന്നില്ല.
ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് സുരേഷിന് ചികിത്സ നൽകിയത്. മൂർഖൻ പാമ്പിന്റെ വിഷമായതിനാൽ, വേഗത്തിൽ തലച്ചോറിലേക്ക് എത്തുകയായിരുന്നു എന്നും ഡോക്ടർമാർ വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ: ജയകുമാറിന്റെ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് സുരേഷിനെ ചികിത്സിക്കുന്നത്.