
തിരുവനന്തപുരം: 47–ാം വയലാർ സാഹിത്യ പുരസ്കാരം സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമിച്ച വെങ്കല ശിൽപവും അടങ്ങുന്നതാണിത്. വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27ന് പുരസ്കാരം സമ്മാനിക്കും.
1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച ശ്രീകുമാരൻ തമ്പി, പഠനകാലം മുതൽ സാഹിത്യരചനയിൽ സജീവമായിരുന്നു. 1966ൽ കോഴിക്കോട് അസിസ്റ്റന്റ് പ്ലാനറായിരിക്കേ ഉദ്യോഗം രാജിവച്ച് മുഴുവൻ സമയം കലാസാഹിത്യ രംഗത്ത് തുടർന്നു. കാട്ടുമല്ലിക എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യ ഗാനരചന. തുടർന്ന് സിനിമയ്ക്കും മറ്റു മാധ്യമങ്ങൾക്കുമായി മൂവായിരത്തിലധികം ഗാനങ്ങൾ രചിച്ചു. 78 സിനിമകൾക്കു തിരക്കഥ എഴുതി. മുപ്പതിലധികം സിനിമകൾ സംവിധാനം ചെയ്തു. 22 ചലച്ചിത്രങ്ങൾ നിർമിച്ചു. 13 ടെലിവിഷൻ പരമ്പരകളുടെ നിർമാതാവും സംവിധായകനുമായി.
ഏഴു കവിതാ സമാഗഹാരങ്ങൾ, നാല് നോവലുകൾ, ഒരു കഥാസമാഹാരം, രണ്ടു ചലച്ചിത്ര ഗ്രന്ഥങ്ങള്‍, തിരഞ്ഞെടുത്ത 1001 ഗാനങ്ങളടങ്ങിയ ഹൃദയസരസ്സ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമ കണക്കും കവിതയും എന്ന കൃതിക്ക് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. മികച്ച ഗാനരചനയ്ക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം രണ്ടു തവണ ലഭിച്ചു.
സംവിധാനം ചെയ്ത ഗാനം, മോഹിനിയാട്ടം എന്നീ സിനിമകൾക്ക് കലാമൂല്യവും പൊതുജുനപ്രീതിയുമുള്ള ചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ ജനറല്‍ കൗൺസിൽ അംഗമായിരുന്നിട്ടുണ്ട്. മലയാള ചലച്ചിത്ര പരിഷത്ത്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു. ദേശീയ ഫീച്ചർ ഫിലിം ജൂറിയിൽ മൂന്ന് പ്രാവശ്യം അംഗമായിരുന്നു. കേരള സംസ്ഥാന ഫീച്ചര്‍ ഫിലിം ജൂറി ചെയർമാനായിരുന്നു.