Spread the love
വയലാർ രാമവർമ്മ?ഓർമ്മകൾക്ക് മുന്നിൽ സ്നേഹാദരങ്ങളോടെ… ?

മലയാള നാടക ,സിനിമാ മേഖലയിൽ ഇന്നും പകരംവെക്കാനില്ലാത്ത ഗാനരചയിതാവ്!മലയാള ഗാനശാഖയിൽ അദ്ദേഹം തുറന്ന വഴി ഇന്നും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി നിലനിൽക്കുന്നു

കവിത ഗാനമാക്കിയും വരികളില്‍ സംഗീതം നിറച്ചും 13 വര്‍ഷം മലയാള സിനിമാ ലോകത്ത് അദ്ദേഹം നിറഞ്ഞു നിന്നു.ആ ഭാവനയിൽ ജന്മമെടുത്ത അപൂർവ്വസുന്ദര ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസ്സിലെ നിറസംഗീതമാണ്.

വയലാര്‍ എഴുതാത്ത വിഷയമില്ല, പാടാത്ത ഋതുക്കളില്ല. ഗാനരചയിതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ അനന്യതയുടെ മാറ്റേറുകയാണ് കാലം കഴിയുംതോറും..

1928 മാര്‍ച്ച് 25ന് വയലാര്‍ രാഘവപ്പറമ്പ് കോവിലകത്ത് അംബാലിക തമ്പുരാട്ടിയടെയും വെള്ളാരപ്പള്ളി കേരള വര്‍മയുടെയും ഏക പുത്രനായാണ്  ജി. രാമവര്‍മ തിരുമുല്‍പാട് (വയലാര്‍ രാമവര്‍മ) ജനിച്ചത്.കോവിലകങ്ങളില്‍ നിലനിന്ന ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്‌കൃതവിദ്യാഭ്യാസവും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലെ ഒമ്പതാംതരംവരെയുള്ള പഠനവുമാണ് ഔപചാരിക വിദ്യാഭ്യാസം.

ഹ്രസ്വവും, ദീർഘവുമായ 202 ഓളം കവിതകൾ ഈ പ്രതിഭാശാലിയുടെ കനക തൂലികയിൽ നിന്നും ജന്മം കൊണ്ടു.

കവി എന്നതിലുപരി നാടക, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്.

1956-ൽ ‘കൂടപ്പിറപ്പു് ‘എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാജീവിതം തുടങ്ങിയ വയലാർ 250ലേറെ ചിത്രങ്ങൾക്കു വേണ്ടി 1300 ഓളം ഗാനങ്ങൾ എഴുതി. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടകഗാനങ്ങളും അദ്ദേഹം എഴുതി.
ബലികൂടീരങ്ങളേ,, ചക്കരപ്പന്തലില്‍, ഏഴാം കടലിനക്കരയുണ്ടോരേഴിലം പാല, കായലിനക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു, മാന്‍കിടാവേ മാന്‍കിടാവേ…. തുടങ്ങിയ ഒട്ടേറെ ഹിറ്റ് നാടകഗാനങ്ങള്‍ രചിച്ചിട്ടുണ്ട് വയലാര്‍

വയലാര്‍ എഴുതിയ 1300ഓളം സിനിമാഗാനങ്ങളില്‍ 755ഉം സംഗീതം നല്‍കിയത് ദേവരാജനാണ്.

ബാബുരാജ്- പി. ഭാസ്‌കന്‍, ശ്രീകുമാരന്‍ തമ്പി- എം.കെ. അര്‍ജുനന്‍, കൈതപ്രം- ജോണ്‍സണ്‍ തുടങ്ങിയ സഖ്യങ്ങളൊക്കെ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും വയലാര്‍- ദേവരാജന്‍ കൂട്ടുകെട്ടിനോളം എത്തിയില്ല. നാടകഗാനങ്ങളില്‍ 1951ലെ ബലികുടീരങ്ങളേയിലും സിനിമയില്‍ 1962ലെ ഉദയാ ചിത്രം ‘ഭാര്യ’യിലുമാണ് ഈ ജോഡി ഹരിശ്രീകുറിച്ചത്..

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ 1961 – സർഗസംഗീതം (കവിതാ സമാഹാരം) ദേശീയ ചലച്ചിത്രപുരസ്കാരം 1973 – മികച്ച ഗാനരചയിതാവ് (“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു” – അച്ഛനും ബാപ്പയും) കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969 – മികച്ച ഗാനരചയിതാവ് 1972 – മികച്ച ഗാനരചയിതാവ് 1974 – മികച്ച ഗാനരചയിതാവ് 1975 – മികച്ച ഗാനരചയിതാവ് (ചുവന്ന സന്ധ്യകൾ -സ്വാമി അയ്യപ്പൻ – (മരണാനന്തരം)

1975 ഒക്ടോബർ 27 ന് പുലർച്ചെ തന്റെ നാൽപത്തിയേഴാം വയസ്സിൽ അന്തരിക്കുമ്പോൾ ഈ മനോഹരതീരത്ത് ജീവിച്ചു കൊതി തീരാത്ത അനശ്വര കവി ഉപേക്ഷിച്ചിട്ടു പോയ വിടവ് ഇന്നും പകരംവെക്കാനില്ലാതെ ശൂന്യമായി കിടക്കുന്നു.ഓർമ്മകൾക്ക് മുന്നിൽ സ്നേഹാദരങ്ങളോടെ… ?

Leave a Reply