സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ റാപ്പര്‍ വേടന്‍. മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടന്‍ പറഞ്ഞു. വേടനുപോലും അവാര്‍ഡ് നല്‍കിയെന്ന മന്ത്രിയുടെ പരാമര്‍ശം വിവാദമായിരുന്നു.
‘അദ്ദേഹത്തോട് തന്നെ ചോദിക്കണം. ഞാന്‍ അതില്‍ മറുപടി പറഞ്ഞ് ആനാവശ്യമായ വിവാദമുണ്ടാക്കുന്നില്ല’, എന്നായിരുന്നു വേടന്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്. ‘പോലും’ പരാമര്‍ശം വേടനെ അപമാനിക്കുന്നതിന് തുല്യമല്ലേയെന്ന് ചോദിച്ചപ്പോള്‍, ‘അതേ തീര്‍ച്ചയായും’ എന്നായിരുന്നു മറുപടി.
‘ഇതൊരു പ്രൊമോഷന്‍ ആയി എടുക്കുക എന്നതാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. നമ്മളെക്കുറിച്ച് ആളുകള്‍ മിണ്ടുകയെങ്കിലും ചെയ്യുന്നുണ്ട്. ആ സംസാരത്തിലൂടെ രണ്ടുപേരെങ്കിലും കൂടുതലായി എന്റെ പാട്ടുകള്‍ കേള്‍ക്കും. ആ പാട്ട് കേള്‍ക്കുന്നവര്‍ക്ക് മനസിലാവും ഞാന്‍ എന്താണ് എഴുതി പാടുന്നത് എന്ന്’, വേടന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി പരാതികളില്ലാതെ സിനിമാ അവാര്‍ഡ് നല്‍കുന്നുണ്ടെന്ന് അവകാശപ്പെട്ടതിന്റെ തുടര്‍ച്ചയായി മന്ത്രി പറഞ്ഞ വാക്കുകളാണ് വിവാദമായത്. മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടി. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടിയ മോഹന്‍ലാലിന് സ്വീകരണം നല്‍കി. വേടനുപോലും അവാര്‍ഡ് കിട്ടി എന്നാണ് മന്ത്രി പറഞ്ഞത്.
‘പോലും’ എന്ന് എടുത്തുപറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ആ വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രിയുടെ മറുപടി. വേടന്‍ പറഞ്ഞ വാക്കുകള്‍ മാത്രമാണ് താന്‍ ഉപയോഗിച്ചത്. ഒരുപാട് പ്രഗല്ഭരായവര്‍ ഉണ്ടെന്ന് വേടന്‍ പറഞ്ഞു. പാട്ടുപാടുന്ന, ഗാനരചയിതാവല്ലാത്ത ഒരാള്‍ ഗാനമെഴുതിയപ്പോള്‍ അതിനെ ജൂറി സ്വീകരിച്ചെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട് സെന്‍ട്രല്‍മാര്‍ക്കറ്റ് തറക്കല്ലിടല്‍ച്ചടങ്ങിലാണ് സിനിമാ അവാര്‍ഡിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചത്.







