രണ്ട് ആഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില കുറയ്ക്കാനാകുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി സർക്കാർ നേരിട്ട് പച്ചക്കറി എത്തിക്കാൻ സർക്കാർ നോക്കുന്നുണ്ട്. തെങ്കാശിയിൽ ചർച്ച നടത്തിയിരുന്നു. കർഷക സംഘങ്ങളിൽ നിന്നാണ് സർക്കാർ പച്ചക്കറി വാങ്ങുക. ഹോർട്ടികോർപ്പിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും കൃഷിമന്ത്രി ചൂണ്ടിക്കാട്ടി. തദേശീയ പച്ചക്കറികളും വിപണിയിൽ സുലഭമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിലുള്ളത്. വെണ്ടയ്ക്ക, വഴുതന, ബീറ്റ്‌റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയർന്നു തന്നെ. എന്നാൽ ആളുകൾ വാങ്ങുന്നതിന്റെ അളവ് കുറച്ചതോടെ തക്കാളിക്ക് പത്ത് രൂപ കുറഞ്ഞ് 90 രൂപയായി.
കാബേജിന് പൊള്ളുന്ന വിലയാണ്. 30 രൂപയായിരുന്ന കാബേജിന് 68 രൂപയാണ് പുതിയ വില. പയർ 50 രൂപയിൽ നിന്ന് 60 രൂപയായി. കോവക്കയ്ക്ക് 40 രൂപയിൽ നിന്ന് 80 രൂപയും, വെള്ളരിക്ക് 45 ൽ നിന്ന് 60 രൂപയുമായി. വെണ്ടക്ക 65 രൂപയിൽ നിന്ന് 90 രൂപയായി ഉയർന്നു.
വഴുതനങ്ങയ്ക്ക് അഞ്ച് രൂപ വർധിച്ച് പുതിയ വില 75 രൂപയിലെത്തി. ബീറ്റ്‌റൂട്ടിന് 70 രൂപയാണ് പുതിയ വില. പാവക്കയ്ക്ക് പത്ത് രൂപ കുറഞ്ഞ് വില 70 ൽ എത്തി. സവാള വില 40 രൂപയും ചുവന്നുള്ളി 60 രൂപയുമായി.