
വിലക്കുറവിൻ്റെ പ്രതിഫലനങ്ങൾ കമ്പോളത്തിൽ അനുഭവപ്പെട്ടു തുടങ്ങിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. 30 കിലോയുടെ ഒരു ബോക്സ് തക്കാളിക്ക് 1800 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇന്നത് 1000 രൂപയായി കുറഞ്ഞിട്ടുണ്ട്. വിപണിയിൽ വില കൂടിയതിനെ തുടർന്ന് ഹോർട്ടികോർപ്പ് അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി നേരിട്ട് വാങ്ങി സംസ്ഥാനത്ത് വിൽപ്പന നടത്തിയതിനു പിന്നാലെയാണ് വിലക്കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. 85 രൂപയായിരുന്ന ബീൻസ് ഇന്ന് 40 രൂപയായിക്കഴിഞ്ഞു. തമിഴ്നാട്ടിലെയും കർണ്ണാടകയിലെയും കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങി കേരള വിപണിയിലെത്തിക്കുവാനാണ് കൃഷി വകുപ്പ് തീരുമാനിച്ചത്. ഇതര സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നും ഇടനിലക്കാരില്ലാതെ പച്ചക്കറി വാങ്ങി വിപണിയിൽ എത്തിക്കുന്നതിലൂടെ ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ പച്ചക്കറികളുടെയും വില സാധാരണ നിലയിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയാണ് കേരളത്തിലെ പച്ചക്കറി വിലയെ വലിയ രീതിയിൽ ഉയർത്തിയത്.