പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി കൃഷിവകുപ്പ് പ്രതിനിധികള്‍ ഇന്ന് തെങ്കാശിയില്‍വെച്ച് ചര്‍ച്ച നടത്തും. തമിഴ്‌നാട് ജോയിന്‍ഡ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചറിന്റെ ഓഫീസില്‍ വെച്ച് ഹോര്‍ട്ടികോര്‍പ് എംഡിയുടെ നേതൃത്വത്തിലുളള സംഘം തമിഴ്‌നാട് കൃഷി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
യോഗത്തിനുശേഷം കേരളം തെങ്കാശിയില്‍ തുടങ്ങാനുദ്ദേശിക്കുന്ന സംഭരണശാല ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും. സംഭരണകേന്ദ്രം തുടങ്ങുന്നതിലൂടെ ഇടനിലക്കാരെ ഒഴിവാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങാന് ആലോചനയുണ്ട്.
നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി നേരിട്ട് എത്തിച്ചതോടെ കേരളത്തില്‍ പച്ചക്കറി വില കുറഞ്ഞിരുന്നു. ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് പച്ചക്കറി വാങ്ങി വില്‍പന തുടങ്ങിയതോടെയാണ് പൊതുവിപണിയില്‍ വില കുറഞ്ഞത്. എന്നാല്‍ വീണ്ടും വില വര്‍ധിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ 80 ടണ്‍ പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് കേരളത്തില്‍ എത്തിക്കുന്നുണ്ട്. തക്കാളിക്ക് 56, മുരിങ്ങയ്ക്ക് 89, വെണ്ടയ്ക്ക 31 എന്നിങ്ങനെയാണ് തിരുവനന്തപുരത്ത് ഇന്നത്തെ വില. കനത്ത മഴ തുടരുന്നതിനാല്‍ പൊതുവിപണിയില്‍ പച്ചക്കറിയുടെ വില കുതിച്ചുയര്‍ന്നേക്കും.