Spread the love
വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ്: കരിപ്പൂരില്‍ പ്രതിഷേധം, കൂടുതല്‍ സമയം അനുവദിച്ചേക്കും

കരിപ്പൂര്‍: വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് പരിഷ്‌കാരത്തിനെതിരെ പ്രതിഷേധിച്ച് കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയും മലബാര്‍ ഡെവലപ്‌മെന്റ് ഫോറവും (എം.ഡി.എഫ്). പ്രവര്‍ത്തകരുടെ നിയമലംഘന സമരവുമായി വെള്ളിയാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസാണ് ആദ്യമെത്തിയത്. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊളത്തൂര്‍ ജങ്ഷനില്‍നിന്ന് വാഹനങ്ങളുമായെത്തിയ പ്രവര്‍ത്തകരെ നുഅ്മാന്‍ ജങ്ഷനില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് വാഹനങ്ങളില്‍നിന്ന് ഇറങ്ങാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സമരം സംസ്ഥാന ഉപാധ്യക്ഷന്‍ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.

അതേസമയം, വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയ പാര്‍ക്കിങ് പരിഷ്‌കാരത്തിന്റെ ഭാഗമായി യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും കൂടുതല്‍ സമയം അനുവദിച്ചേക്കും. നിലവില്‍ മൂന്ന് മിനിറ്റിനകം യാത്രക്കാരെ ഇറക്കണമെന്നാണ് നിര്‍ദേശം. സമയപരിധി കരിപ്പൂര്‍ ഉള്‍പ്പെടെ അതോറിറ്റിയുടെ എല്ലാ വിമാനത്താവളങ്ങളിലും നീട്ടിയേക്കും. സമയപരിധി അവസാനിച്ചാല്‍ 500 രൂപയാണ് പിഴയായി ഈടാക്കുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് നിരവധി പരാതിയാണ് ഇതു സംബന്ധിച്ച് ലഭിച്ചത്. മറ്റു വിമാനത്താവളങ്ങളില്‍ നിന്നും സമാനമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് വിഷയം പുനപരിശോധിക്കാന്‍ ധാരണയായത്. അതോറിറ്റി ആസ്ഥാനത്ത് കമേഴ്‌സ്യല്‍ വിഭാഗത്തോട് അടിയന്തരമായി യോഗം ചേര്‍ന്ന് സമയപരിധി പുനര്‍നിര്‍ണയിക്കാനാണ് നിര്‍ദേശം നല്‍കിയത്. യാത്രക്കാരുടെ പ്രതിഷേധം പരിഗണിക്കണമെന്ന നിലപാടിലാണ് കരിപ്പൂരില്‍ നിന്നും ഉള്‍പ്പെടെ നിര്‍ദേശം അതോറിറ്റി ആസ്ഥാനത്ത് ലഭിച്ചത്

Leave a Reply