ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന “വെള്ളം “എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പാട്ടിലൂടെ ഒരു പുതിയഗായകനെയും അവതരിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ തളിപ്പറമ്പു സ്വദേശിയായ വിശ്വനാഥൻ ആണ് മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്.
കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. ഷാപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയതായി പുറത്തു വന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ പുലരിയിലച്ഛന്റെ എന്ന് തുടങ്ങുന്ന ഗാനം പുറത്തു വന്നിരുന്നു. കണ്ണൂരിലെ അന്ധതയെ അതിജീവിച്ച അനന്യ പാടിയ ഈ പാട്ടും ഏറെ ശ്രദ്ധേയമായിരുന്നു.
നിതീഷ്ന ടേരിയുടേതായിരുന്നു വരികൾ.പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത്
മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.