കുത്തുകല്ലുങ്കൽപടി : കോടികൾ ചെലവഴിച്ചു നവീകരിച്ച റോഡിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. വെള്ളം കെട്ടിനിന്ന് റോഡും തകരുന്നു. കുത്തുകല്ലുങ്കൽപടി–മന്ദിരം തിരുവാഭരണ പാതയിലെ കാഴ്ചയാണിത്. പുനലൂർ–മൂവാറ്റുപുഴ പാതയിൽ നിന്നിറങ്ങിയെത്തുന്ന ഭാഗത്താണ് തിരുവാഭരണ പാതയിൽ വെള്ളം കെട്ടി നിൽക്കുന്നത്. കോന്നി–പ്ലാച്ചേരി പാത നവീകരിച്ചപ്പോൾ കുത്തുകല്ലുങ്കൽപടിയിലെ പഴയ തിരുവാഭരണ പാതയുടെ ഭാഗം കെട്ടിയടച്ചിരുന്നു.
ഇവിടം ഉയർത്തുകയും ചെയ്തിരുന്നു. സമീപത്തു കൂടിയാണ് തിരുവാഭരണ പാത പുനർ നിർമിച്ചത്. മണ്ണിട്ട് ഉയർത്തിയ ശേഷം വാഹനത്തിനു കടന്നു പോകാവുന്ന വീതിയിൽ പാത നിർമിക്കുകയായിരുന്നു. ഇതിന്റെ വശം കെട്ടി ബലപ്പെടുത്തിയിട്ടില്ല.
പുനലൂർ–മൂവാറ്റുപുഴ പാതയിലെ വെള്ളം ഒഴുകിപ്പോകുന്നതിന് പഴയ പാതയോടു ചേർന്ന് ഓട നിർമിച്ചിട്ടുണ്ട്. 20 മീറ്ററോളം നീളത്തിൽ ഓട നിർമിച്ചെങ്കിലും തുടർന്ന് വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. ഇതു തിരുവാഭരണ പാതയിലൂടെ നിരന്നൊഴുകുന്നു. താഴ്ന്നയിടങ്ങളിൽ കെട്ടി ക്കിടന്നാണ് റോഡ് തകരുന്നത്. അടുത്തിടെ നവീകരിച്ച തിരുവാഭരണ പാതയാണിത്.