മലയാളികൾ അടക്കം റിലീസിനായി കാത്തിരിക്കുന്ന തമിഴ് സിനിമയാണ് വേട്ടയ്യൻ. രജനികാന്ത് നായകനായി എത്തുന്ന ചിത്രം ഒക്ടോബർ 10ന് തിയറ്ററുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ രജനി ആരാധകർ ആരംഭിച്ചു കഴിഞ്ഞു. ഈ സന്തോഷത്തിനിടയിൽ ആരാധകരെ നിരാശരാക്കിയുള്ള വാർത്തകളും പുറത്തുവരികയാണ്.
വേട്ടയ്യന് നിയമക്കുരുക്ക് എന്നതാണ് പുതിയ വാർത്ത. ചിത്രത്തിലെ ചില സംഭാഷണങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുകയാണ്. വേട്ടയ്യനിൽ പൊലീസ് ഏറ്റുമുട്ടലുകളെ പ്രകീർത്തിക്കുന്ന സംഭാഷണങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധുര സ്വദേശിയായ കെ. പളനിവേലുവാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
സംഭാഷണങ്ങൾ മാറ്റുന്നത് വരെ വേട്ടയ്യന്റെ റിലീസ് നീട്ടിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വ്യാജ പൊലീസ് ഏറ്റുമുട്ടലുകൾ നിയമവിരുദ്ധവും ഭരണഘടനാ ലംഘനമാണെന്നും ഇതൊരിക്കലും മഹത്വവത്കരിക്കരുതെന്നും പരാതിയിൽ പറയുന്നു. പിന്നാലെ ഹർജി പരിഗണിച്ച കോടതി ചിത്രത്തിന്റെ നിർമാതാക്കൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
വമ്പൻ താരനിര അണിനിരക്കുന്ന സിനിമയാണ് വേട്ടയ്യൻ. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതോടൊപ്പം ഫഹദ് ഫാസിൽ, റാണ, മഞ്ജുവാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ, അഭിരാമി ഉൾപ്പെടുള്ള താരങ്ങളും വേട്ടയ്യനിൽ അണിനിരക്കുന്നുണ്ട്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്.