Spread the love

ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വീഡിയോ കോള്‍ സൗകര്യം വരുന്നു. എക്‌സ് കോര്‍പ്പ് സിഇഒ ലിന്‍ഡ യക്കരിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെ റീബ്രാന്‍ഡ് ചെയ്താണ് മസ്‌ക് ‘എക്‌സ്’ എന്ന പേരില്‍ പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്. നിലവില്‍ ട്വിറ്ററിന് സമാനമാണ് പ്രവര്‍ത്തനം എങ്കിലും ഒരു ‘എവരിതിങ് ആപ്പ്’ എന്ന നിലയില്‍ പ്ലാറ്റ്‌ഫോമിനെ പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി.

സിഎന്‍ബിസിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ലിന്‍ഡ യക്കരിനോ എക്‌സില്‍ വീഡിയോ ചാറ്റ് ഫീച്ചര്‍ എത്തുമെന്ന് സ്ഥിരീകരിച്ചത്. ‘താമസിയാതെ തന്നെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ കൈമാറാതെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വീഡിയോ ചാറ്റ് കോളുകള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും’. എന്ന് ലിന്‍ഡ പറഞ്ഞു.

നേരത്തെ എക്‌സ് ഡിസൈനര്‍ ആന്‍ഡ്രിയ കോണ്‍വേ യുടെ ട്വീറ്റ് വീഡിയോ ചാറ്റ് ഫീച്ചര്‍ സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. ‘എക്‌സില്‍ ഇപ്പോള്‍ ഒരാളെ വിളിച്ചു’. എന്നായിരുന്നു ട്വീറ്റ്. ഇത് വീഡിയോ കോള്‍ ഫീച്ചറാണോ, വോയ്‌സ് കോള്‍ ഫീച്ചറാണോ എന്ന് വ്യക്തമായിരുന്നില്ല.

എന്നാല്‍ എക്‌സിലെ വീഡിയോ കോള്‍ സൗകര്യം ഉപഭോക്താക്കള്‍ എത്രത്തോളം സ്വികരിക്കും എന്ന് വ്യക്തമല്ല. വീഡിയോ കോള്‍ സേവന രംഗത്ത് ഇതിനകം സൂം, മൈക്രോസോഫ്റ്റ് ടീംസ്, ഗൂഗിള്‍ മീറ്റ്, ഫേസ് ടൈം ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ സജീവമാണ്.

എന്നാല്‍ ഒരു എവരിത്തിങ് ആപ്പ് എന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ഈ വീഡിയോ കോളിങ് സേവനവും പ്രയോജനപ്പെട്ടേക്കാം.

Leave a Reply