എപ്പോഴും രസകരമായി സംസാരിക്കുന്ന ആളാണ് മലയാളികളുടെ ഇഷ്ട ഗായകൻ വിധു പ്രതാപ്. താരത്തെ മാത്രമല്ല താരത്തിന്റെ പാട്ടുകളെ പോലെ തന്നെ മലയാളികൾക്കിഷ്ടമാണ് പങ്കാളി ദീപ്തിയേയും. ഇരുവരും ചേർന്നാൽ ആകെ ഒരു രസമാണ്. ടെലിവിഷൻ സംഗീത മത്സരപരിപാടികളിൽ വിധുപറയുന്ന മിക്ക രസകരമായ കാര്യങ്ങളും എപ്പോഴും ഹിറ്റാണ് ഇപ്പോഴിതാ മുൻപൊരിക്കൽ ഒരു സംഗീത പരിപാടിക്കിടെ ഒഴിവായിപ്പോയ ഒരു വലിയ ദുരന്തത്തെ കുറിച്ചും മരണം തൊട്ട് മുൻപിൽ എത്തി തിരിച്ചുപോയ അവസ്ഥയും തുറന്നു പറയുകയാണ് ഗായകൻ.
വിധുവിന്റെ വാക്കുകൾ..
‘പാലക്കാട് ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് പോയിരുന്നു. പാടത്തായിരുന്നു പരിപാടിക്കുളള സ്റ്റേജ് ഒരുക്കിയിരുന്നത്. അന്ന് കൃത്യമായി വയറിംഗ് ഒന്നും ചെയ്തിട്ടില്ലായിരുന്നു. നല്ല മഴപെയ്തതുകൊണ്ട് പാടത്ത് വെളളമുണ്ടായിരുന്നു. ജനം മുഴുവൻ നിറഞ്ഞുനിൽക്കുകയായിരുന്നു. സ്റ്റേജിന്റെ മുന്നിലിരുന്ന ആറ് പേർക്ക് ഒരേസമയം ഷോക്കടിച്ചു. അന്ന് ദൈവം സഹായിച്ച് മരണമൊന്നും സംഭവിച്ചില്ല. അന്ന് ഞങ്ങൾക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. അല്ലെങ്കിൽ ഞങ്ങളും മരിക്കേണ്ടതായിരുന്നു. ഭാഗ്യമുണ്ടായിരുന്നു. പരിപാടിയുടെ അവസാനമായിരുന്നു പ്രശ്നം സംഭവിച്ചത്.
ഒരു മരണം സംഭവിച്ചിരുന്നേൽ അത് നമുക്ക് എപ്പോഴും സങ്കടമുണ്ടാക്കുന്നതാണ്. എന്റെ പരിപാടിക്ക് എന്നെ കാണാൻ വന്ന ഒരു വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അത് എക്കാലവും സങ്കടമുണ്ടാക്കുമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത് ഫൈനൽ ഡെസ്റ്റിനേഷൻ സിനിമ പോലെയാണ്. അത് ഞാൻ എപ്പോഴും ആലോചിക്കും. ആ സംഭവം ഇപ്പോഴും എന്റെ മനസിൽ വരും’- വിധു പ്രതാപ് പറഞ്ഞു.









