കാടിനെ അറിഞ്ഞ് കാഴ്ചകൾ കാണാം:
കാടകം ചിത്ര പ്രദർശനത്തിന് തുടക്കം
കാടിന്റെ സൂക്ഷിപ്പുകാരുടെ അപ്രതീക്ഷിത ഫ്രെയിമുകൾ കാണികൾക്ക് പുത്തൻ അനുഭവമാകുന്നു. വനം വന്യജീവി വകുപ്പിന് കീഴിലെ പീച്ചി വന്യജീവി വിഭാഗം നയിക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കാടകം’ ചിത്രപ്രദർശനമാണ് കണ്ണിന് ഇമ്പമേകുന്ന കാഴ്ചയാകുന്നത്.
കാടും കാടിന്റെ കാവലാളുകളും പരസ്പരം കൈകോർക്കുന്ന, കാട് കാക്കുന്നവരുടെ ക്യാമറ കണ്ണുകളിലൂടെയുള്ള ചിത്രങ്ങളാണ് കാടകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പശ്ചിമഘട്ടത്തിലെ ഹരിത വിസ്മയങ്ങൾക്കൊപ്പം കേരളത്തിന്റെ വന കാഴ്ചകളെ പകർത്തുന്നുണ്ട് കാടകം പ്രദർശനത്തിലെ ഓരോ ചിത്രങ്ങളും. നീലക്കുറിഞ്ഞി പൂത്ത
താഴ് വരകൾ, കൊമ്പ് കോർക്കുന്ന കരിവീരന്മാർ, കടുവയുടെ വന്യത തുടങ്ങി പക്ഷി ജീവിതങ്ങളും കാടിന്റെ സൂക്ഷ്മഭാവങ്ങളും ജൈവ വൈവിധ്യങ്ങളും പകർത്തിയ 30 ചിത്രങ്ങൾ കാടകത്തിലുണ്ട്. ഫോട്ടോഗ്രാഫർമാർ അല്ലാതെ കാട്ടിലെ വാച്ചർമാർ മുതൽ ഉദ്യോഗസ്ഥർ വരെയെടുത്ത ചിത്രങ്ങളാണിവ.
പറമ്പിക്കുളം, എരവികുളം, മറയൂർ, വയനാട്, പാലക്കാട്, പെരിയാർ, ചിമ്മിണി, മലക്കപ്പാറ, ഭൂതത്താൻ കെട്ട്, തേക്കടി, സൈലന്റ് വാലി, ചിന്നാർ, മൂന്നാർ, മീശപുലിമല തുടങ്ങിയ സ്ഥലങ്ങളിലെ വന ഭാവങ്ങളാണ് ചിത്രങ്ങളായി പകർത്തിയിട്ടുള്ളത്. ടൈഗർ ശ്രീനിവാസൻ എന്നറിയപ്പെടുന്ന ട്രൈബൽ വാച്ചർ പറമ്പിക്കുളത്തു നിന്നെടുത്ത പുലിയുടെ ചിത്രത്തിൽ നിന്നാണ് പ്രദർശനത്തിന് തുടക്കം. കാട് കാക്കേണ്ടത് നാളേക്ക് വേണ്ടിയാണെന്നും അത് ഓരോ പൗരന്റെ ചുമതലയാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ ചിത്രങ്ങളിലൂടെ കാടകത്തിൽ ആവിഷ്ക്കരിക്കുന്നു.
കേരള സാഹിത്യ അക്കാദമിയിൽ വെച്ചു നടന്ന ‘കാടകം’ ചിത്രപ്രദർശനം ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. കാടകത്തിന്റെ സംഘാടകരെ പ്രത്യേകം അനുമോദിക്കുന്നതായി കലക്ടർ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മുഖ്യാതിഥിയായി. നമ്മുടെ ശ്വാസകോശമായ കാടുകൾ സംരക്ഷിക്കേണ്ടത് ആരുടെയും ഔദാര്യമല്ലെന്നും അവ നമ്മുടെ കടമയാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. ചടങ്ങിൽ പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി എം പ്രഭു, ചാലക്കുടി ഡി എഫ് ഒ സംബുദ്ധ മജുംദാർ, സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ, പ്രോഗ്രാം ക്യുറേറ്റർ പ്രവീൺ പി മോഹൻദാസ്, പീച്ചി അസി. വൈൽഡ് ലൈഫ് വാർഡൻ അനീഷ് തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 11 വരെ ചിത്രപ്രദർശനം നീണ്ട് നിൽക്കും.