ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും അത് പാലിക്കുന്ന നടിയാണ് നയന്‍താര. ആസ്തിയുടെ കാര്യത്തിലും വരുമാനത്തിന്റെ കാര്യത്തിലും, സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഒന്നിലും നയന്‍താരയെ പിന്‍തള്ളാന്‍ ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു നടി ഇല്ല എന്ന് തന്നെ പറയാം.മലയാള സിനിമയിലൂടെ തുടക്കം കുറിച്ചു, പിന്നീട് സഹതാര വേഷങ്ങള്‍ ചെയ്തു. നായികയായി തമിഴില്‍ എത്തിയപ്പോള്‍ ആദ്യം ഗ്ലാമര്‍ നായിക എന്ന നിലയില്‍ തഴയപ്പെട്ടിരുന്നുവെങ്കിലും, അവിടെ നിന്ന് ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം പിടിച്ചു കയറുകയായിരുന്നു നയന്‍താര. കൊടികെട്ടിയ സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ നായികമാര്‍ക്കൊപ്പം മത്സരിച്ച് മുന്‍നിരയിലെത്തി. അവരാരും സ്വന്തമാക്കാതിരുന്ന ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ടാഗും നേടിയെടുത്തു. താരം ഇന്നലെ 41-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ ഭർത്താവ് വിഘ്‌നേശ് ശിവൻ സമ്മാനിച്ച ആഡംബര സമ്മാനമാണ് ചർച്ചയാവുന്നത്. 10 കോടി രൂപ വിലവരുന്ന റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്‌ടർ ആണ് നയൻതാരയ്ക്കായി സമ്മാനിച്ചത്.
“വിചാരിച്ച പോലെയുള്ള ജീവിതം. എൻ്റെ ഉയിരിന് ജന്മദിനാശംസകൾ. നീ പിറന്ന ദിനം… ഒരു വരം. നിന്നെ ഭ്രാന്തമായും, അഗാധമായും സ്നേഹിക്കുന്നു എൻ്റെ അഴകീ. ലവ് യൂ. ഞങ്ങളെ എപ്പോഴും ഏറ്റവും മികച്ച നിമിഷങ്ങൾ കൊണ്ട് അനുഗ്രഹിച്ച പ്രപഞ്ചത്തോടും സർവ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്. മക്കളായ ഉയിരിനും ഉലകിനുമൊപ്പം നിൽക്കുന്ന വിഘ്നേഷിനെയും നയൻതാരയേയും ചിത്രങ്ങളിൽ കാണാം.







