യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പോലീസിന്റേതാണ് നടപടി. അന്വേഷണ സംഘത്തിന് മുന്നിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിജയ് ബാബുവിന് ജാമ്യം നൽകും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. വിജയ് ബാബുവിനെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിലും നാളെ അറസ്റ്റുണ്ടായേക്കും.ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിരുന്നു. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈകീട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാനാകും.
കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ വിജയ് ബാബുവിന് ജാമ്യം ലഭിച്ചത്. ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ രാവിലെ ഒൻപത് മുതൽ ആറ് വരെ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് അനുമതിയുണ്ട്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. വിദേശത്ത് കടന്ന ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്‌പോർട്ട് ലഭിച്ചെങ്കിൽ അത് പോലീസിന് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോൾ തെളിവുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പുരുഷ വീക്ഷണകോണിൽ സ്ത്രീയുടെ പെരുമാറ്റരീതികൾ വിലയിരുത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. ചാരിത്ര്യം,ബലാത്സംഗം ചെറുക്കാനുള്ള ശ്രമം, ശാരീരികമായി മുറിവേറ്റിട്ടുണ്ടോ, ഉടൻ പരാതി നൽകിയോ തുടങ്ങിയ പതിവ് കെട്ടുകഥകളൊന്നും പരിഗണനാവിഷയമാകരുതെന്നും കോടതി പറഞ്ഞു.
ബലാത്സം ചെയ്തെന്ന പരാതിയിലും അതിജീവതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ ആണെന്നും, പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ ബ്ലാക്ക്‌മെയിലിന്റെ ഭാഗമായാണ് പരാതിയെന്നുമാണ് വിജയ് ബാബുവിന്റെ വാദം.