യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഒരു മാസമായി വിദേശത്തായിരുന്നു വിജയ് ബാബു രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചിയിലെത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ 39 ദിവസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രദര്‍ശനം നടത്തിയതിനു ശേഷമാണ് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം തെളിയും, കോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്‍റെ ശക്തമായ നടപടികൾക്കൊടുവിലാണ് വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തിയത്. പാസ്പോർട്ട് റദ്ദാക്കിയതടക്കം പൊലീസ് കർശന നടപടികൾ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യമെന്നും സി എച്ച് നാഗരാജു പ്രതികരിച്ചു.