മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ അപര്‍ണ ബാലമുരളിയാണ് ഇപ്പോള്‍ തെന്നിന്ത്യയിലെ സംസാരവിഷയം. തമിഴ്താരം സൂര്യയുടെ ദീപാവലി റിലീസായി എത്തിയ സൂരരൈ പോട്ര് എന്ന ചിത്രത്തിന് ലഭിക്കുന്ന പ്രതികരണമാണ് അതിലെ നായിക അപര്‍ണയെ തെന്നിന്ത്യയിലെ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുപോലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്, ഒപ്പം അപര്‍ണയ്ക്കും.
നടിയായും ഗായികയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ അപര്‍ണ്ണയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി പുറത്തിറങ്ങിയ സുരറൈ പോട്രു ലോകമെമ്പാടും തരംഗമായി മാറിക്കറിഞ്ഞു. നായകന്റെ ഭാര്യയുടെ റോളിലെത്തിയ അപര്‍ണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സൂര്യയ്ക്കൊപ്പം അപര്‍ണയുടെ പ്രകടനത്തെ പ്രശംസിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.
ഇപ്പോഴിതാ അപര്‍ണയുടെ അഭിനയത്തെ പ്രശംസിച്ച് തെലുങ്കിലെ യുവതാരം വിജയ് ദേവരക്കൊണ്ട രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വിജയ് ദേവരക്കൊണ്ട തന്റെ അഭിപ്രായം പ്രകടമാക്കിയത്.
‘എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’ എന്നാണ് ചിത്രം കണ്ട ശേഷം അപര്‍ണ ബാലമുരളിയെ കുറിച്ച് വിജയ് ദേവരക്കൊണ്ടയ്ക്ക് ചോദിക്കാനുള്ളത്. ‘സുഹൃത്തുക്കളൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാന്‍ സൂരരൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു. എന്തൊരു മികച്ച പെര്‍ഫോര്‍മറാണ് സൂര്യ താങ്കള്‍.’
എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുന്നു എന്നും, ഒരു സംവിധായികയെന്ന നിലയില്‍ നിങ്ങളുടെ കഴിവിനെയും ഞാന്‍ അഭിനന്ദിക്കുന്നു. ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനയിക്കുന്നുവെന്നും വിജയ് ദേവരക്കൊണ്ട ട്വിറ്ററില്‍ കുറിച്ചു.