ലൈഗറിന്‍റെ ഓടിടി റിലീസ് തള്ളി വിജയ് ദേവരക്കൊണ്ട; 200 കോടി തീരെക്കുറഞ്ഞെന്ന് താരം
വിജയ് ദേവരകൊണ്ട നായകനായ ലൈഗർ ഓടിടി റിലീസ് ചെയ്യുമോ എന്നാണ് സിനിമാ ലോകത്ത് ഇപ്പോൾ ചർച്ച.
200 കോടി രൂപയ്ക്ക് ചിത്രം ഓടിടി പ്ലാറ്റ്ഫോമിന് വിറ്റു എന്നായിരുന്നു ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ.
ഇപ്പോൾ ഇതേക്കുറിച്ച് വിജയ് തന്നെ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ്.
200 കോടി രൂപ തീരെക്കുറഞ്ഞ് പോയെന്നാണ് താരം പ്രതികരിച്ചത്. തന്‍റെ സിനിമ തീയറ്ററിൽ ഇതിനേക്കാൾ
കളക്ഷൻ ഉണ്ടാക്കുമെന്നും താരം ആത്മവിശ്വാസത്തോടെ പറയുന്നു. തെലുങ്കിലും ഹിന്ദിയിലും ആണ്
ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയിന്‍റെ ആദ്യ ബോളിവുഡ് ചിത്രം ആണ് ലൈഗർ. പുരി ജഗന്നാഥ് ആണ് സംവിധാനം.
ചിത്രത്തിൽ കിക്ക് ബോക്സറായാണ് വിജയ് എത്തുന്നത്. ആക്ഷൻ രംഗങ്ങളെ ആരാധകരെ പിടിച്ചിരുത്തുമെന്നാണ്
പ്രതീക്ഷ. അർജുൻ റെഡ്ഡിക്ക് ശേഷം നിരവധി ആരാധകരാണ് വിജയിന് ബോളിവുഡിൽ ഉള്ളത്. അതുകൊണ്ട്
തന്നെ തീയറ്ററിൽ സിനിമ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ
സെപ്തംബറിൽ ചിത്രം പുറത്തിറങ്ങും.
അനന്യ പാണ്ഡേയാണ് നായിക. അനന്യയുടെ ആദ്യ തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. പുരി ജഗന്നാഥിന്‍റെ
പുരി കണക്ടും കരൺ ജോഹറിന്‍റെ ധർമ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിച്ചത്. മലയാളം ഉൾപ്പടെ അഞ്ച്
ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്യും. കേരളത്തിലും തമിഴ്നാട്ടിലും വിജയ് ദേവരക്കൊണ്ടക്ക് ആരാധകർ ഏറെയാണ്.
നേരത്തെ ഫൈറ്റർ എന്നാണ് ചിത്രത്തിന് പേരിട്ടത്. എന്നാൽ സമാനമായ പേരിൽ ഹൃത്വിക് റോഷൻ സിനിമ പ്രഖ്യാപിച്ചതോടെ
ലൈഗർ എന്ന് പേര് മാറ്റുകയായിരുന്നു.