Spread the love

ചെന്നൈ: ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനം കാലങ്ങളായി ആരാധകര്‍ക്ക് ഇടയിലും മാധ്യമങ്ങളിലും ചര്‍ച്ചയാവുന്ന വിഷയമാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. വിജയ്‌യുടെ ആരാധക സംഘടനയുടെ അതേ പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി നല്‍കിയിരിക്കുന്നത്.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത്. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്.

”എന്റെ പിതാവ് ശ്രീ. എസ്.എ. ചന്ദ്രശേഖര്‍ അവര്‍കള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ഇന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞു. അച്ഛന്‍ പാര്‍ട്ടി ആരംഭിച്ചതിനാല്‍ പാര്‍ട്ടിയില്‍ അണി ചേരാനോ പാര്‍ട്ടിക്ക് വേണ്ടി സേവനം നടത്തുവാനോ ഞാന്‍ ആരാധകരോട് ആഹ്വാനം ചെയ്യുന്നില്ല. അച്ഛന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാര്‍ട്ടിക്കും ഞാനും എന്റെ പ്രസ്ഥാനവുമായും യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു.

എന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.” എന്നാണ് വിജയ്‌യുടെ പ്രസ്താവന.

Leave a Reply