വിജയ് ചിത്രം മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം പൃഥിരാജ് സ്വന്തമാക്കി. പൃഥിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിസും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രമായ ബിഗില്‍ കേരളത്തിലെത്തിച്ചതും ഇവരാണ്.
കോവിഡ് പ്രതിസന്ധിമൂലം മാസങ്ങളായി അടഞ്ഞ് കിടക്കുന്ന തിയറ്റര്‍ മേഖല മാസ്റ്റര്‍ റിലീസോടെ സജ്ജീവമാക്കാമെന്ന കണക്കുകൂട്ടലിലാണ് സിനിമാ ലോകം. ചിത്രം പൊങ്കലിന് റിലീസ് ആയി ജനുവരിയില്‍ തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. കേരളത്തിലെ തിയറ്റര്‍ ഉടമകളും ഇതേ നിലപാടിലാണ്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ജനുവരിയില്‍ മാസ്റ്റര്‍ കേരളത്തില്‍ റിലീസാകും.
മുന്‍കാലങ്ങളില്‍ വിജയ് ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്ന സ്വീകാര്യതയും കളക്ഷനും പരിഗണിച്ചാണ് മാസ്റ്റര്‍ റിലീസ് നീട്ടിയത്. വിജയ്‌ക്കൊപ്പം വിജയ് സേതുപതിയും ഒരുമിക്കുന്നു എന്നതാണ് മാസ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത.
കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. കൈദി താരം അര്‍ജുന്‍ ദാസ്്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയ, നാസര്‍, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.