Spread the love

കേരളത്തിലും സ്വന്തം ദേശം ആയ തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടനാണ് ദളപതി വിജയ്. സിനിമാഭിനയം നിർത്തി പൂർണ്ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്ന താരത്തിന്റെ അവസാന ചിത്രമായ ജനനായകന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകരും സിനിമ പ്രേമികളും. മലയാളത്തിലെ ഇപ്പോഴത്തെ ട്രെൻഡിംഗ് നായിക മമിതാ ബൈജു ചിത്രത്തിൽ താരത്തിന് ഒപ്പം അഭിനയിക്കുന്നെന്ന വാർത്ത വലിയ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മമിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വലിയ വരവേൽപ്പാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ഇപ്പോഴിതാ ജനനായകന്റെ വിശേഷങ്ങൾ പറയുന്നതിനിടെ വിജയ് സിനിമയിൽ തുടർന്നഭിനയിക്കുമോ എന്ന ആരാധകരുടെ ആശങ്കയ്ക്ക് വിരാമം ഇടുന്ന രീതിയിൽ ഒരു പരിപാടിക്കിടെ മമിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഇത് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

‘ജനനായകൻ അവസാനമായി ചെയ്യുന്ന സിനിമയായിരിക്കുമോ എന്ന് വിജയ് സാറിനോട് ഞാൻ നേരിട്ടു ചോദിച്ചു. എല്ലാവരും അങ്ങനെ പറയുന്നുണ്ടല്ലോ എന്നും പറഞ്ഞു. അപ്പോൾ സാർ പറഞ്ഞത് എല്ലാം 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ചിരിക്കും എന്നാണ്. ഷൂട്ടിങ്ങിന്റെ അവസാനദിവസം ഞാനും അണിയറപ്രവർത്തകരുമെല്ലാം വൈകാരികമായാണ് പ്രതികരിച്ചത്. അദ്ദേഹവും വികാരാധീനനായി. എല്ലാവരുടേയും കൂടെ ഫോട്ടോ എടുക്കാനൊന്നും നിന്നില്ല.’ മമിത പറഞ്ഞു

എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒൻപതിന് തീയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം

Leave a Reply