Spread the love

മൂന്നാർ: പെട്ടിമുടിയിൽ ആർത്തലച്ച് എത്തിയ വെള്ളത്തിലും ചെളിയിലും കല്ലുകൾക്കും അടിയിൽ മൂടിയ ജീവനുകളിൽ ഇനിയും കണ്ടെത്താനുണ്ട്. 21 പേരെ കണ്ടെത്താനുണ്ട്. ഇതിനിടെ ഉറ്റവർക്കായുള്ള കാത്തിരിപ്പുകളുടെ മുഖങ്ങൾ ഏവരിലും നൊമ്പരമുണ്ടാക്കുന്നതാണ്. മകളുടെയും മരുമകന്റെയും പേരക്കുട്ടിയുടെയും ചിത്രം നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുന്ന വിജയലക്ഷ്മിയും നൊമ്പരക്കാഴ്ച ആവുകയാണ്. ദുരന്തമുഖത്ത് മൂന്ന് ദിവസങ്ങളായി ഈ ചിത്രവുമായി വിജയലക്ഷ്മിയുണ്ട്. കരഞ്ഞ് കരഞ്ഞ് കണ്ണുനീർ പോലും ആ മുഖത്ത് വറ്റിയിരിക്കുകയാണ്.

തനിക്ക് പരിചയമുള്ളവരോടും നാട്ടുകാരോടും ഒക്കെ ചിത്രവുമായി എത്തി മണ്ണിനടിയിൽ പൊതിഞ്ഞ് പോയവരുടെ കാര്യങ്ങൾ തിരക്കുമ്പോഴും വേദന പങ്കിടുമ്പോഴും ആ അമ്മ മനസിനെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും ഏവരും ബുദ്ധിമുട്ടുകയാണ്. ദുരന്ത മുഖത്ത് എത്തുന്നവരെ ഒക്കെ ചിത്രം കാണിച്ച് പൊട്ടിക്കരയുകയാണ് വിജയലക്ഷ്മി. ഇത് കണ്ടു നിൽക്കുന്നവർക്ക് പോലും കണ്ണീർ പൊഴിക്കുകയാണ്.

ചെളിയിൽ പൊതിഞ്ഞ ഓരോ മൃതദേഹവും പുറത്ത് എടുക്കുമ്പോൾ ആ അമ്മയുടെ ചങ്കിടിപ്പ് കൂടും. പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കാണാനുള്ള ശക്തിയില്ലെങ്കിലും അവസാനമായി ഒരു നോക്കെങ്കിലും ആ മുഖങ്ങൾ കാണാനാവും എന്നും വിജയലക്ഷ്മി അമ്മ പ്രതീക്ഷിക്കുന്നു. എന്നാൽ ഇനിയും അതിന് സാധിക്കുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.

മണ്ണിലും ചെളിയിലുമായി പൊതിഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കണ്ടെത്തുന്നതും കാത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ചിത്രവും കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയാണ് വിജയലക്ഷ്മിയും ഭർത്താവ് രാമറും. ഇവരുടെ മകൾ രേഖ, മരുമകൻ ഭാരതിരാജ, മക്കളായ ലക്ഷാശ്രീ, അദ്വയ് എന്നിവരെയാണ് മണ്ണിടിച്ചിലിലും ഉരുൾപ്പൊട്ടലിലും കാണാതായത്. വനം വകുപ്പ് ജീവനക്കാരിയായ രേഖ പെട്ടിമുടിയുടെ എല്ലാ ആവശ്യങ്ങളിലും നിറസാന്നിധ്യമായിരുന്നു.

Leave a Reply