തരംഗമായി ‘വിക്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ; കമൽഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും
വെള്ളിത്തിരയിൽ വീണ്ടും വിസ്മയിപ്പിക്കാൻ ഒരു ലോകേഷ് കനകരാജ് ചിത്രം. കമൽഹാസൻ
നായകനാകുന്ന ‘വിക്രം’ സിനിമയെ ഒറ്റവരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. ആരാധകർ ആകാംക്ഷയോടെ
കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ശൗര്യമുള്ളയാൾക്കായിരിക്കും കിരീടം’
എന്ന തലക്കെട്ടോടെ കമൽഹാസൻ തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്. കമലിനോടൊപ്പം ഫഹദ് ഫാസിലും
വിജയ് സേതുപതിയും പോസ്റ്ററിൽ ഉണ്ട്. മൂവരുടെയും കഥാപാത്രങ്ങളുടെ ക്ലോസപ്പ് ഫോട്ടോകൾ ഉൾപ്പെടുത്തി
ബ്ലാക്ക് ആന്റ് വൈറ്റിലാണ് പോസ്റ്റർ.
തോക്കുകൾക്കിടയിലാണ് വിക്രം എന്ന ടൈറ്റിൽ എഴുതിയിരിക്കുന്നത്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായിരിക്കും
ചിത്രം എന്നാണ് സൂചന. നരേനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ജല്ലിക്കെട്ടിലൂടെ ലോക ശ്രദ്ധ
പിടിച്ചുപറ്റിയ ഗിരീഷ് ഗംഗാധരനാണ് ഛാാഗ്രഹണം. അനിരുദ്ധ് രവിശങ്കറാണ് സംഗീതം. രാജ്‍കമല്‍ ഫിലിംസ്
ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം.
നേരത്തെ കമൽഹാസന്‍റെ പിറന്നാൾ ദിനത്തിലായിരുന്നു ടൈറ്റിൽ പ്രഖ്യാപനം. കമൽഹാസന്‍റെ 232ആം ചിത്രമാണിത്.
2018ൽ വിശ്വരൂപം 2വിന് ശേഷം കമൽ ചിത്രം റിലീസ് ചെയ്തിട്ടില്ല. മാനഗരം, കൈദി എന്നീ ചിത്രങ്ങൾ പിന്നാലെ വിജയ് ചിത്രം
മാസ്റ്ററും ഹിറ്റാക്കിയ ശേഷമാണ് ലോകേഷ് കനകരാജ് ‘വിക്രം ‘ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ചെന്നൈയിൽ ഉടൻ
ചിത്രീകരണം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തവർഷമായിരിക്കും ‘വിക്രം’ പുറത്തിറങ്ങുക.