മറ്റ് യുവനടന്മാർ ഉണ്ണി മുകുന്ദനെ കണ്ടുപഠിക്കണമെന്ന് സംവിധായകൻ വിനയൻ. ഒരു പാൻ ഇന്ത്യൻ താരമായി നടൻ ഉദിക്കട്ടെയെന്നും സംവിധായകൻ ആശംസിച്ചു. ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ എന്ന ചിത്രത്തെക്കുറിച്ച് സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വിനയൻ.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അർപ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതൽ അത് തിയേറ്ററിൽ എത്തിക്കഴിഞ്ഞും ഒരു സംവിധായകനേക്കാളും നിർമ്മാതാവിനേക്കാളും ആത്മാർത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രൊമോഷൻ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയമാണ്. നിദാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം.. ഒരു പാനിന്ത്യൻ താരം ഉദിക്കട്ടേ…ആശംസകൾ
ഡിസംബർ 20നാണ് മാർക്കോ തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് രണ്ടുദിവസത്തിനുള്ളിൽ തന്നെ 25 കോടി കളക്ഷൻ നേടി മുന്നേറുകയാണ് സിനിമ. ‘മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം’ എന്ന ടാഗ് ലൈനോടെയാണ് മാർക്കോ തിയേറ്ററുകളിലെത്തിയത്. സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകുകയും ചെയ‌്തു. ജഗദീഷ് ആണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ എത്തിയ ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സാണ് വിതരണം ചെയ്തത്.