കോഴിക്കോട്: ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഏക്കറു കണക്കിന് റബ്ബര്‍ തോട്ടം തരം മാറ്റിയാണ് നോളജ് സിറ്റിയുടെ ഗണ്യമായ ഭാഗങ്ങളും നിര്‍മിച്ചതെന്ന് രേഖകള്‍. കോഴിക്കോട് കോടഞ്ചേരിയില്‍ തോട്ടം ഭൂമി തരംമാറ്റി നടത്തുന്ന അനധികൃത നിര്‍മാണങ്ങളില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലുളള നോളജ് സിറ്റിയും. നോളജ് സിറ്റി നിലനില്‍ക്കുന്നത് തോട്ടഭൂമിയിലെന്ന് വെളിപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ ഉന്നതരുടെ സംരക്ഷണമുളളതിനാല്‍ ഭൂമി തരം മാറ്റുന്നതിന് തടസങ്ങളില്ലെന്നും വ്യക്തമാക്കി. നിയമലംഘനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബം. 1964ലെ കേരള ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരമാണ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയത്. തോട്ടം ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കരുത് എന്നാണ് നിയമം. മറ്റാവശ്യങ്ങള്‍ക്കായി തോട്ടഭൂമി തരംമാറ്റിയാല്‍ അത് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സെക്ഷന്‍ 87 ല്‍ പറയുന്നുണ്ട്.