Spread the love
സ്കൂൾ വാഹനങ്ങളിലെ നിയമ ലംഘനം; പിഴക്ക് പുറമെ ഇനി നിയമ നടപടിയും

മലപ്പുറം: ഇനി മുതൽ സ്കൂൾ വാഹനങ്ങൾ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടാൽ പിഴ അടച്ച് തടിയൂരാനാകില്ല. പിഴക്ക് പുറമെ നിയമ നടപടിയും സ്‌കൂൾ അധികൃതർ നേരിടേണ്ടി വരും. അപാകത കണ്ടെത്തുന്ന സ്കൂൾ ബസിന്റെ വാഹന ഉടമ എന്ന നിലയിൽ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

നിയമ ലംഘനം നടത്തിയ 17 സ്കൂൾ വാഹനങ്ങളുടെ ഉടമയായ സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ ഗുരുതര നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 1200 സ്ക്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 72 സ്കൂൾ വാഹനങ്ങൾക്ക് എതിരെ കേസെടുത്തു. അപാകത കണ്ടെത്തിയ നാല് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതിൽ യാതൊരു വിട്ടു വീഴ്ചയും ഇല്ലെന്ന നിലപാടിലാണ് അധികൃതർ.

Leave a Reply