ചട്ടലംഘനം ;ഡൽഹിയിലും ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി.
ന്യൂഡൽഹി : ദേശീയ തലസ്ഥാന മേഖലയിലെ നോയിഡയിൽ സൂപ്പർടെക് റിയൽ എസ്റ്റേറ്റ് കമ്പനി നിർമിച്ച ഇരട്ട ഫ്ലാറ്റ് സമുച്ചയം 3 മാസത്തിനുള്ളിൽ പൊളിച്ചുനീക്കാൻ സുപ്രീം കോടതി വിധിച്ചു. കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണു ഫ്ലാറ്റ് പണിതതെന്നു ചൂണ്ടിക്കാട്ടി ഇവ പൊളിച്ചു നീക്കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിധിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് ശരിവച്ചത്.
2014 ഏപ്രിൽ 11നായിരുന്നു അലഹാബാദ് ഹൈക്കോടതി വിധി. 4 മാസത്തിനുള്ളിൽ പൊളിച്ചുനീക്കണമെന്നായിരുന്നു അന്നത്തെ വിധി.നോയിഡ വികസന അതോറിറ്റി ഉദ്യോഗസ്ഥരും സൂപ്പർടെക് കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണു നിയമലംഘനത്തിനു പിന്നിലെന്നു ചൂണ്ടിക്കാട്ടിയാണു ഫ്ലാറ്റ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവിട്ടത്. 40 നിലകളിലായി ആകെ ആയിരത്തോളം ഫ്ലാറ്റുകളുള്ള 2 കെട്ടിടങ്ങളുടെ സമുച്ചയമാണ് പൊളിച്ചു നീക്കേണ്ടത്. പൊളിച്ചുനീക്കുന്നതിന്റെ ചെലവുൾപ്പെടെ കമ്പനി വഹിക്കണമെന്നും ഫ്ലാറ്റുടമകൾക്ക് 12% പലിശയോടെ മുടക്കിയ പണം തിരികെ നൽകണമെന്നും കോടതി വിധിച്ചു.
ഇരട്ട സമുച്ചയം നിലനിൽക്കുന്ന ‘എമറാൾഡ് കോർട്ടിലെ’ ഫ്ലാറ്റുകളിലെ ഓണേഴ്സ് റസിഡന്റ് വെൽഫെയർ അസോസിയേഷനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പദ്ധതി ആരംഭിക്കുമ്പോൾ ഇരട്ട സമുച്ചയം ഉണ്ടായിരുന്നില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ, നിയമലംഘനം ഉണ്ടായിട്ടില്ലെന്നായിരുന്നു കമ്പനിയുടെ വാദം.
ഹർജിക്കാർക്ക് 2 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നു നിർദേശിച്ച കോടതി ഫ്ലാറ്റ് പൊളിക്കലിന് കേന്ദ്ര ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മേൽനോട്ടം വഹിക്കുമെന്നും വ്യക്തമാക്കി. 633 പേർ ആദ്യം ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 133 പേർ പിന്നീട് മറ്റു പ്രോജക്ടുകളിലേക്കു മാറി. 248 പേർ മുടക്കിയ പണം നേരത്തെ മടക്കി വാങ്ങി. 252 പേരുടെ ബുക്കിങ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നു കമ്പനി വ്യക്തമാക്കി. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് കമ്പനി പ്രതികരിച്ചു.