Spread the love

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് രണ്ട് കോടി രൂപ സംഭാവന നല്‍കുമെന്ന് ടീം ഇന്ത്യ നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും. ഇരുവരും ചേര്‍ന്ന് ഏഴ് കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് തുടക്കമിട്ടു.

ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ഇരുവരും പണം സമാഹരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് ഏഴ് കോടി രുപ കണ്ടെത്താനാണ് ശ്രമം. ഈ തുക കൊവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ എത്തിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായും വാക്സിനേഷന്‍ ബോധവല്‍ക്കരണത്തിനും ടെലി മെഡിസിന്‍ സൗകര്യമൊരുക്കാനും ഉപയോഗിക്കും.

രാജ്യത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത കാലത്തൂ കൂടിയാണ് കടന്നുപോകുന്നത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതാന്‍ രാജ്യം ആവശ്യപ്പെടുന്നുണ്ട്. സഹജീവികളെ സഹായിക്കാന്‍ ആളുകള്‍ രംഗത്തെത്തും എന്ന് ഉറപ്പാണ്. കൊവിഡ് കാലത്ത് കഴിയാവുന്നത്ര മനുഷ്യരെ നമുക്ക് സഹായിക്കാന്‍ കഴിയാവുന്നത്ര പേരെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും കോലി പറഞ്ഞു.

നിസ്സഹായരായി നാം സാക്ഷിയായിക്കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരായ പോരാട്ടത്തിന് ഈ ധനസമാഹരണം പ്രയോജനകരമാകും എന്നാണ് പ്രതീക്ഷയെന്ന് അനുഷ്‌ക പറഞ്ഞു. കൊവിഡ് മഹാമാരിക്കിടെ ഇന്ത്യക്ക് വലിയ സഹായ ഹസ്തമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുണ്ടായത്. ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ്(50,000 ഡോളര്‍) ഇതിന് തുടക്കമിട്ടത്.

മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ ഒരു ബിറ്റ്കോയിനും(ഏകദേശം 40 ലക്ഷത്തോളം രൂപ), ക്രിക്കറ്റ്
ഓസ്ട്രേലിയ പ്രാഥമിക സഹായമായി50,000 ഡോളര്‍(37 ലക്ഷം രൂപയും) പ്രഖ്യാപിച്ചു. കൂടുതല്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും. വിന്‍ഡീസ് താരം നിക്കോളാസ് പുരാനും സഹായം അറിയിച്ചിട്ടുണ്ട്.

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1 കോടി രൂപ), ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍(20 ലക്ഷം രൂപ), സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ശ്രീവാത്സ് ഗോസ്വാമി(90,000 രൂപ), രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജയ്ദേവ് ഉനദ്കട്ട്(ഐപിഎല്‍ സാലറിയുടെ 10 ശതമാനം) എന്നിവരും ഐപിഎല്ലിനിടെ രാജ്യത്തിന് കൊവിഡ് സഹായം പ്രഖ്യാപിച്ചു.

ഇതോടൊപ്പം ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികളും ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായം കൈമാറിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

Leave a Reply