ന്യൂഡൽഹി : വീട്ടിൽ വച്ചു തന്നെ കോവിഡ് രോഗികളെ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള വെർച്വൽ കോവിഡ് ഇൻ പേഷ്യന്റ് കെയർ (വിസിഐപി) പരീക്ഷണം വിജയകരം.

ആശുപത്രിയിലെത്തിച്ചുള്ള ചികിത്സയെക്കാൾ ഇരുപതിലൊന്നായി ചെലവു കുറയ്ക്കാൻ കഴിയുമെന്നതാണു പ്രധാന നേട്ടം. ആശുപത്രികളിലെ രോഗീബാഹുല്യം ഉൾപ്പെടെയുള്ള പരിമിതികളെ മറികടക്കാനും വിസിഐപി വഴി കഴിയുമെന്നു ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു.220 കോവിഡ് രോഗികളിലായിരുന്നു പരീക്ഷണം. 99.5% പേരും പെട്ടെന്നു രോഗമുക്തി നേടി. 2 രോഗികൾ ചികിത്സാ മധ്യേ ആശുപത്രിയിലേക്കു മാറി. ഒരാൾക്കു മരുന്ന് എടുക്കുന്നതിലെ ബുദ്ധിമുട്ടും മറ്റൊരാൾക്കു കടുത്ത ആശങ്കയുമായിരുന്നു കാരണം.
ഡോ. ജ്യോതിദേവിനു പുറമേ, കാൻസർ ചികിത്സാ വിദഗ്ധനായ ഡോ. ഹരി പരമേശ്വരൻ, യുഎസിലെ ഡോ. റെബേക്ക വിറ്റൈൽ, ഡോ. എ.വി. രവീന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പഠനം.കോവിഡ് രോഗികൾക്കു സ്വയമോ വീട്ടിലുള്ളവരുടെ സഹായത്തോടെയോ ചികിത്സ നടത്താം. ഡോക്ടർമാർ, നഴ്സുമാർ, ഡയബറ്റിസ് എജ്യുക്കേറ്റേഴ്സ്, ഡയറ്റീഷ്യൻ, സൈക്കോളജിസ്റ്റ് എന്നിവരടങ്ങിയ വിദഗ്ധ സംഘമാണു വെർച്വലായി സഹായത്തിനുണ്ടാകുക. ചികിത്സാ ഉപകരണങ്ങളുടെ ഉപയോഗം സംഘത്തിലെ നഴ്സുമാർ വിഡിയോ സഹായത്തോടെ രോഗിയെയോ വീട്ടിൽ പരിചരിക്കുന്നയാളിനെയോ പഠിപ്പിക്കും. തൽസമയ ഗ്ലൂക്കോസ് നില അറിയാൻ സഹായിക്കുന്ന കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റർ (സിജിഎം) ഉപകരണത്തിന്റെ ഉപയോഗ രീതി മുതൽ കുത്തിവയ്പു വരെ പഠിപ്പിക്കും. ലാബ് പരിശോധനയ്ക്കു വേണ്ട സാംപിളുകളും വീട്ടിലെത്തി ശേഖരിക്കും.
വിസിഐപിയുടെ നേട്ടവും കോട്ടവും
ചികിത്സച്ചെലവു കുറവാണെന്നതും ആശുപത്രി പ്രവേശനത്തിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം എന്നതുമാണു പ്രധാന നേട്ടങ്ങൾ. അതേസമയം, വെർച്വലായി കിട്ടുന്ന നിർദേശങ്ങൾ അതേപടി ഉൾക്കൊള്ളാനും അനുസരിക്കാനും കഴിയുന്നവരിൽ മാത്രമേ ഇതു നടപ്പാക്കാൻ കഴിയൂ എന്ന പരിമിതിയും നിലനിൽക്കുന്നുണ്ട്.