Spread the love

ആശ്വാസമായി ‘വിരുമാണ്ടി’- കമലിനെ കണ്ട് കണ്ണു നിറഞ്ഞ് ആരാധകൻ

ബ്രെയിൻ ട്യൂമർ ബാധിച്ച ആരാധകന് സർപ്രൈസുമായി ഉലക നായകൻ കമലഹാസൻ. സൂം മീറ്റിങ് വഴിയാണ്
കമൽഹാസൻ ആരാധകനെയും കുടുംബത്തെയും കണ്ടത്. കടുത്ത ആരാധകനായ സാകേത് , ടെർമിനൽ ബ്രെയിൻ ട്യൂമർ
ബാധിതനാണ്. സാകേതിന്‍റെ ബന്ധുവാണ് ഇത്തരം ഒരു സർപ്രൈസ് ഒരുക്കിയതിന് പിന്നിൽ പ്രവർത്തിച്ചത്.

പത്ത് മിനിറ്റ് നേരം സൂമിലൂടെ കമലഹാസൻ സാകേതും കുടുംബവുമായി സംസാരിച്ചു. വല്ലാത്ത അവസ്ഥയിലൂടെ ആണ്
കടന്നുപോവുന്നതെന്നും ഭാര്യക്കും കുഞ്ഞിനും വേണ്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും സാകേത് പറഞ്ഞു.
സാകേതിനെ ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുയും ചെയ്തുകൊണ്ടാണ് കമൽ സംസാരിച്ചത്.
”തോൽക്കാനായി ആരും ജനിക്കുന്നില്ല. ജയിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. ജീവിതത്തിലേക്ക് തിരിച്ചു വരാൻ
ശ്രമിക്കണം. എല്ലാ ആരോഗ്യത്തോടെയും തിരിച്ചുവരണം”- കമൽഹാസൻ പറഞ്ഞു.

താരത്തിന്‍റെ കുടുംബം സുഖമായിരിക്കുന്നോ എന്ന സാകേതിന്‍റെ ചോദ്യത്തിന് ഞാനിപ്പോൾ എന്‍റെ ഒരു കുടുംബാംഗത്തോട്
ആണ് സംസാരിക്കുന്നതെന്ന് കമൽ മറുപടി നൽകിയത് എല്ലാവരുടെയും കണ്ണു നനയിച്ചു. കടുത്ത ആരാധകനായ താൻ
കുഞ്ഞിനെ വിരുമാണ്ടി എന്നാണ് പലപ്പോഴും വിളിക്കുന്നതെന്നും സാകേത് പറഞ്ഞു.

തിരക്കുകൾക്കിടയിൽ തനിക്ക് വേണ്ടി സമയം ചെലവഴിച്ചതിൽ സാകേത് താരത്തിന് നന്ദി പറഞ്ഞു. ഒപ്പം ഒരു അഭ്യർത്ഥനയും
ഉണ്ടായിരുന്നു. നാട്ടിൽ വരുമ്പോൾ നേരിൽ കാണാനാകുമോ എന്ന്? സാകേത് ആരോഗ്യവാനായിരിക്കൂ, തീർച്ചയായും നമ്മൾ നേരിൽ കാണുമെന്ന്
കമൽഹാസൻ ഉറപ്പുനൽകി. താരത്തെ അഭിനന്ദിച്ചും സാകേതിന് ആശംസകൾ നേർന്നും നിരവധി
പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടത്.

Leave a Reply