ചെങ്ങന്നൂർ ∙ ‘‘അഴിഞ്ഞതിലേറ്റം വർധനവുണ്ടാകണം, നെല്ലുംപൊന്നും വർധനവുണ്ടാകണം, അഴകുമായുസ്സും വർധനവുണ്ടാകണം… വഴിപാടുകാരുടെ ആയുരാരോഗ്യ സമ്പൽസമൃദ്ധിക്കായി ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ നാഗത്തറയ്ക്കു മുന്നിൽ സർപ്പംപാട്ട് പാടുന്ന വിഷ്ണുവിന് പുള്ളോർവീണ മാത്രമല്ല സ്റ്റെതസ്കോപ്പും വഴങ്ങും എന്ന് അധികം പേർക്ക് അറിയില്ല.
എംബിബിഎസുകാരനായ ചെട്ടികുളങ്ങര പേള ഉണിച്ചിരേത്ത് ഗീതാലയത്തിൽ വിഷ്ണു വി.നാഥ് ചെങ്ങന്നൂരമ്പലത്തിൽ പാടാനെത്തും. വിഷ്ണുവിന്റെ അച്ഛൻ അന്തരിച്ച ചെട്ടികുളങ്ങര വിശ്വനാഥന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ജൂനിയർ ഫെലോഷിപ് ലഭിച്ചിട്ടുണ്ട് .
അദ്ദേഹം നാലു പതിറ്റാണ്ടോളം ചെങ്ങന്നൂർ ക്ഷേത്രത്തിൽ സർപ്പംപാട്ട് പാടിയിരുന്നു. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ വിഷ്ണു അച്ഛനൊപ്പം ചെട്ടികുളങ്ങര ക്ഷേത്രത്തിലും ചെങ്ങന്നൂർ ക്ഷേത്രത്തിലും സർപ്പംപാട്ട് പാടിയിരുന്നു. 2010ൽ അച്ഛൻ മരിച്ച ശേഷം അമ്മ ഗീതയ്ക്കൊപ്പമായി പാട്ട്.