തല്ലുമാല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ലെൻ നായകനാകുന്നു എന്നതിനാല്‍ തന്നെ ആദ്യം മുതല്‍ വാര്‍ത്ത പ്രധാന്യം നേടിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആദ്യദിനം മുതല്‍ ബോക്സോഫീസില്‍ സൃഷ്ടിച്ച ഓളം വിഷുദിനത്തിലും ആവര്‍ത്തിച്ചുവെന്നാണ് ബോക്സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം നാല് ദിവസത്തിൽ 20 കോടിയിലേറെ ആണ് നസ്ലെൻ ചിത്രം ആഗോളതലത്തിൽ നിന്നും നേടിയിരുന്നത്. നാല് ദിവസത്തെ കേരള കളക്ഷൻ 12.02 കോടിയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോള്‍ അഞ്ചാം ദിനത്തിലെ അതായത് തിങ്കളാഴ്ച വിഷുദിനത്തിലെ കളക്ഷന്‍ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്.
സാക്നിൽക്കിന്റെ ആദ്യ റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം ദിനത്തില്‍ നസ്ലെൻ നായകനായ ചിത്രം 3.40 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നിന്നും തിങ്കളാഴ്ച നേടിയിരിക്കുന്നത്. ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി 57.53 ശതമാനം ആണെന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. മാറ്റിനി ഷോകള്‍ മുതല്‍ തീയറ്റര്‍ ഒക്യുപെന്‍സി 60ശതമാനത്തിന് മുകളിലാണ് എന്നും കണക്കുകള്‍ പറയുന്നു.
നിലവിലെ കണക്കുകൾ പ്രകാരം 2025ലെ വിഷു വിന്നർ നസ്ലെൻ പടമാണെന്ന് നിശംസയം പറയാനാകും. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.