ദുബായ് എക്‌സ്‌പോയില്‍ സന്ദര്‍ശക പ്രവാഹം; ആദ്യ 10 ദിവസത്തിലെത്തിയത് നാലു ലക്ഷത്തിലേറെ പേര്‍
ദുബായ്: മധ്യപൗരസ്ത്യ ദേശത്ത് ആദ്യമായെത്തിയ ദുബായ് എക്സ്പോയിലേക്ക് സംഘാടകരുടെ പ്രതീക്ഷകള്‍ കടത്തിവെട്ടുന്ന രീതിയിലുള്ള സന്ദര്‍ശക പ്രവാഹം. ഒക്ടോബര്‍ ഒന്നിന് എക്സ്പോ ആരംഭിച്ചതു മുതലുള്ള ആദ്യ 10 ദിവസത്തിനിടയില്‍ 4,11,768 പേരാണ് കടുത്ത ചൂടിലും ടിക്കറ്റെടുത്ത് എക്സ്പോയിലെ വിസ്മയങ്ങള്‍ കാണാനായി എത്തിയത്.
സന്ദര്‍ശകരില്‍ മൂന്നിലൊന്ന് പേര്‍ വിദേശ ടൂറിസ്റ്റുകളാണ്. 175 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതിനകം എക്സ്പോ കാണാനെത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍. ആദ്യ 10 ദിവസങ്ങള്‍ക്കിടയില്‍ തന്നെ അഞ്ചിലൊന്നു പേര്‍ ഒന്നിലേറെ തവണ എക്‌സ്‌പോയിലെ അല്‍ഭുതങ്ങള്‍ കാണാന്‍ എത്തിയതായും സംഘാടകര്‍ അറിയിച്ചു. ഒരു ദിവസം കൊണ്ട് എക്‌സ്‌പോയിലെ വിശേഷങ്ങള്‍ കണ്ടും അനുഭവിച്ചും തീര്‍ക്കാനാവില്ലെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. പല ഓപ്ഷനുകളോടു കൂടിയ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കുണ്ടെങ്കിലും പല തവണ സന്ദര്‍ശനം നടത്താവുന്ന മള്‍ട്ടി ഡേ ടിക്കറ്റുകളും സീസണ്‍ ടിക്കറ്റുകളുമാണ് ഏറ്റവും കൂടുതല്‍ പേര്‍ എടുക്കുന്നതെന്നും സംഘാടകരായ ബിഐഇ സെക്രട്ടറി ജനറല്‍ ദിമിത്രി എസ് കെര്‍ക്കെന്റസ് അറിയിച്ചു. ആദ്യ വാരത്തിലെ ജനങ്ങളുടെ പ്രതികരണം ദുബായ് എക്‌സ്‌പോ വന്‍ വിജയമാവുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വളരെ ഗംഭീരമായ ജനപങ്കാളിത്തമാണ് എക്‌സ്‌പോയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എക്‌സ്‌പോ ഡയരക്ടര്‍ ജനറലും അന്താരാഷ്ട്ര സഹകരണത്തിനുള്ള സഹമന്ത്രിയുമായ റീം അല്‍ ഹാഷിമി പറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ എത്ര താല്‍പര്യത്തോടെയാണ് എക്‌സപോയെ നോക്കിക്കാണുന്നത് എന്നതിന് തെളിവായാണ് ആദ്യ ദിനങ്ങളിലെ സന്ദര്‍ശക ബാഹുല്യത്തെ കാണുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ലോക സാംസ്‌ക്കാരിക പ്രദര്‍ശനത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ എക്സ്പോ വെര്‍ച്വലില്‍ എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങുകള്‍ 30 ലക്ഷത്തോളം പേരാണ് ലൈവായി വീക്ഷിച്ചത്. ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ അഞ്ച് ലക്ഷം പേര്‍ കൂടി എക്സ്പോ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ വീക്ഷിച്ചതായും സംഘാടകര്‍ അറിയിച്ചു.
2022 മാര്‍ച്ച് 31 വരെ നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോയില്‍ ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങളില്‍ നിന്നായി 200ലേറെ പവലിയനുകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും വൈവിധ്യമാര്‍ന്ന വിനോദ, സംഗീത പരിപാടികളും സ്റ്റേജ് ഷോകളും സാംസ്‌ക്കാരിക പരിപാടികളും എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ വരും ദിനങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകര്‍ ദുബായിലേക്ക് ഒഴുകിയെത്തുമെന്ന കണക്കുകൂട്ടലിലാണ് എക്‌സ്‌പോ സംഘാടകര്‍.