മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മകന്‍ പ്രണവും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോള്‍ തന്നെ മകള്‍ വിസ്മയ എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വഴി സിനിമയല്ല എന്ന് താരപുത്രി പറഞ്ഞിരുന്നു. എഴുത്തിന്റെയും വരകളുടെയും ലോകത്താണ് വിസ്മയയുടെ ജീവിതം. എന്നാല്‍ ഇപ്പോള്‍ വിസ്മയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിസ്മയ മോഹന്‍ലാല്‍ ആരാധകരുമായി നാളുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ ശരീര ഭാരം കുറച്ച അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്. തായ്ലന്‍ഡിലെ ഫിറ്റ്‌കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് താരപുത്രി ശരീര ഭാരം കുറച്ചത്. 22 കിലോ ശരീര ഭാരം കുറച്ചുവെന്ന് വിസ്മയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.
വിസ്മയയുടെ വാക്കുകള്‍ ഇങ്ങനെ,
ഫിറ്റ്‌കോഹ് തായ്ലന്‍ഡിന് ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദിയപറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള ഒരു അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എനിക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയാവാനും ആഗ്രഹിച്ചും, പക്ഷേ അതിനായി ഒന്നും ചെയ്യാതെയും ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ ചിലവഴിച്ചിരുന്നു. ഞാന്‍ കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ട് വരുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെയുണ്ട്, 22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു. ഇത് വല്ലാത്തൊരു യാത്രയായിരുന്നു ഒരു സാഹസമായിരുന്നു.