നമ്മുടെ ശരീരത്തില്‍ നാം ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നൊരു അവയവമാണ് ഹൃദയം. ഇതിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കണമെങ്കില്‍ നാം നമ്മുടെ ആകെ ആരോഗ്യത്തിനും കൃത്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ട്. നല്ല ഡയറ്റ്, വ്യായാമം, വിശ്രമം, മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കല്‍ ഇവയെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ആവശ്യമാണ്.
ഡയറ്റിന്റെ കാര്യം ആദ്യമേ സൂചിപ്പിച്ചുവല്ലോ. ഡയറ്റ്, അഥവാ നാം കഴിക്കുന്ന ഭക്ഷണം വലിയ രീതിയിലാണ് അസുഖങ്ങള്‍, അസുഖങ്ങളുടെ പരിഹാരം എന്നിവയിലെല്ലാം സ്വാധീനം ചെലുത്തുന്നത്. ഹൃദയത്തിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല.
ഭക്ഷണങ്ങളിലൂടെയാണ് ശരീരത്തിന് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈറ്റമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളുമെല്ലാം ലഭിക്കുന്നത്. ഭക്ഷണം മാത്രമല്ല, മറ്റ് സ്രോതസുകളും ഇതില്‍ വരുന്നുണ്ട്. സൂര്യപ്രകാശത്തില്‍ നിന്ന് നാം വൈറ്റമിന്‍- ഡി സ്വാംശീകരിക്കുന്നുവെന്ന് കേട്ടിട്ടില്ലേ?
വൈറ്റമിന്‍- ഡി ഭക്ഷണത്തിലൂടെയും നേടാം. എന്നാല്‍ സൂര്യപ്രകാശമാണ് ഇതിന്റെയൊരു പ്രാധാന സ്രോതസ്. വൈറ്റമിന്‍- ഡിയെ പറ്റി തന്നെ എടുത്തുപറയാന്‍ കാരണമുണ്ട്. വൈറ്റിമിന്‍- ഡിയുടെ കുറവ് പല രീതിയില്‍ ആരോഗ്യത്തെ ബാധിക്കും. അത് ഹൃദയത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്.
‘യൂറോപ്യന്‍ ഹാര്‍ട്ട് ജേണല്‍’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. ‘യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ’യില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.
ബിപി ഉയരാനും വൈറ്റമിന്‍-ഡിയുടെ കുറവ് ഇടയാക്കുന്നുണ്ട്. ഇതും ഹൃദയം ദോഷകരമായി ബാധിക്കപ്പെടാനുള്ള സാഹചര്യമൊരുക്കുന്നു.
‘ വൈറ്റമിന്‍ ഡി കുറവ് ഒരുപാട് പേരില്‍ കാണും. എന്നാല്‍ ഗണ്യമായ കുറവ് അത്രയധികം പേരില്‍ ഉണ്ടായിരിക്കില്ല. ഇക്കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപക്ഷേ നാമൊരിക്കലും പ്രാധാന്യം നല്‍കാതിരുന്നൊരു വിഷയമായിരിക്കും ഇത്. എന്നാല്‍ ഞങ്ങളുടെ പഠനം ഇതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്…’- ഗവേഷകനായ പ്രൊഫസര്‍ എലിന ഹിപ്പോനെന്‍ പറയുന്നു.
സൂര്യപ്രകാശമല്ലെങ്കില്‍ ഓയിലി ഫിഷ്, മുട്ട എന്നിങ്ങനെ പല സ്രോതസുകളില്‍ നിന്നും വൈറ്റമിന്‍ ഡി സ്വീകരിക്കാവുന്നതാണ്. ഡയറ്റിലെ അശ്രദ്ധ ഒരിക്കലും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാതിരിക്കട്ടെ.