വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തീകരണം വേഗത്തിലാക്കാൻ അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തുറമുഖ നിർമ്മാണം അനിശ്ചിതമായി വൈകുന്നതിലെ കടുത്ത അതൃപ്തി സർക്കാർ കമ്പനിയെ അറിയിച്ചിരുന്നു. കരാര്‍ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകേണ്ടിയിരുന്നത് 2019 ഡിസംബര്‍ മൂന്നിനായിരുന്നു. 2024 ഡിസംബര്‍ മൂന്നിന് പൂര്‍ത്തിയാക്കാമെന്നാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ നിലപാട്. സമയം നീട്ടിച്ചോദിച്ചതിലെ അതൃപ്തി അറിയിച്ച സർക്കാർ കരാര്‍ ലംഘനത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. മോശം കാലാവസ്ഥയടക്കം 17 കാരണങ്ങളാണ് പദ്ധതി വൈകാന്‍ കാരണമെന്ന് വിശദീകരിച്ച് കമ്പനി നോട്ടീസിന് മറുപടി നല്‍കി. പുലിമുട്ട് നിര്‍മാണം വൈകുന്നതാണ് പദ്ധതി വൈകാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.