
അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ്, കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രോജക്ട്സ് എന്നിവർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയും മുൻ ഉത്തരവ് പാലിക്കാത്തതിനെതിരെ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയും ആണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. വിഴിഞ്ഞത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. കേരള പൊലീസിന് സംരക്ഷണം കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതിയുടെ നിർദ്ദേശങ്ങൾ ഒന്നും തന്നെ പാലിക്കാൻ സർക്കാരിനായില്ലെന്ന് കോടതി അലക്ഷ്യ ഹർജിയിൽ ആരോപിക്കുന്നു. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അതീവ സുരക്ഷാ മേഖലയിൽ ആയിരത്തിലധികം സമരക്കാർ തമ്പടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നും കമ്പനി കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ഒരുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്.