തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് തള്ളി വി കെ ശശികല. ജയലളിതയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നും ശശികല പറഞ്ഞു.ജയലളിതയുടെ മരണത്തിൽ കുറ്റക്കാരിയാണെന്ന കമ്മീഷൻ റിപ്പോർട്ട് തള്ളിയ ശശികല, ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും മൂന്നു പേജുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.‘‘ജയലളിതയെ രാഷ്ട്രീയമായി നേരിടാൻ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നോക്കിനിൽക്കുന്നവരുടെയും നീചമായ നിലപാടിനെ ഇനി ആരും പിന്തുണക്കില്ല. അമ്മ(ജയലളിത)യുടെ മരണത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല. ഈ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല. ചികിത്സാ സംബന്ധമായ എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കൽ സംഘമാണ്. അമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാൻ തടസ്സം നിന്നിട്ടില്ല”- ശശികല പറഞ്ഞു.