ആണവായുധങ്ങൾ സജ്ജമാക്കിവെക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകി പുട്ടിൻ. റഷ്യൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ റഷ്യയ്ക്കെതിരെ നാറ്റോ പ്രകോപനപരമായ പ്രസ്താവനകൾ പുറത്തിറക്കുന്നെന്നു അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദേശം നൽകിയെന്നാണ് വിവരം. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കുമേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയ്നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരത്തിൽ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. ആണവായുധങ്ങൾ സജ്ജമാക്കാനുള്ള പുട്ടിന്റെ നിർദേശം അതിനാൽ തന്നെ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.